രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുതുശക്തി പകർന്ന് പുതിയ ബാച്ച് ; ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ് നടന്നു
രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുതുശക്തി പകർന്ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായി നടന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ ഉദ്യോഗാർത്ഥികളാണ് കഠിനമായ നാവിക പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡിൽ അണിനിരന്നത്.
കണ്ണൂർ : രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുതുശക്തി പകർന്ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായി നടന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ ഉദ്യോഗാർത്ഥികളാണ് കഠിനമായ നാവിക പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡിൽ അണിനിരന്നത്.
66 വനിതാ കേഡറ്റുകൾ ഉൾപ്പെടെ മൊത്തം 311 കേഡറ്റുകളാണ് ഇത്തവണ പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഇന്ത്യൻ നാവികർക്ക് പുറമെ, സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളും ഇതിൽ ഉൾപ്പെടുന്നു. വിയറ്റ്‌നാം, സിഷെൽസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് കേഡറ്റുകളാണ് ബാച്ചിൻ്റെ ഭാഗമായി മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കിയത്.
സാങ്കേതികവിദ്യയുടെ മുന്നേറ്റം
ദക്ഷിണ നാവികസേന കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം അദ്ദേഹം കേഡറ്റുകളെ അഭിസംബോധന ചെയ്തു.
നൂതന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വികസന മുന്നേറ്റങ്ങളാണ് ഇന്ത്യൻ നാവികസേനയിൽ നിലവിൽ നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിയിലെ പരിശീലന കാലയളവിൽ നേടിയെടുത്ത അറിവുകളും നൈപുണ്യവും കേഡറ്റുകൾ അവരുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉടനീളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിശീലന കാലയളവിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ വൈസ് അഡ്മിറൽ സമീർ സക്സേന വിതരണം ചെയ്തു. ഏഴിമല നാവിക അക്കാദമി കമാൻഡൻ്റ് വൈസ് അഡ്മിറൽ മനീഷ് ചദ്ദ, ഡെപ്യൂട്ടി കമാൻഡൻ്റ് റിയർ അഡ്മിറൽ ഹാപ്പി മോഹൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പാസിങ് ഔട്ട് പരേഡിൽ സന്നിഹിതരായിരുന്നു.