കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണന; ഫെബ്രുവരി 3 കരിദിനമായി ആചരിക്കാന്‍ സിപിഐഎം ആഹ്വാനം
കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ ഫെബ്രുവരി 3 കരിദിനമായി ആചരിക്കാന്‍ സിപിഐഎം ആഹ്വാനം.സംസ്ഥാനങ്ങളുടെ നികുതി വിഹിതം അട്ടിമറിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വർഷങ്ങളുടെ നീക്കങ്ങളെ തുറന്ന് കാട്ടി ഡോ. തോമസ് ഐസക്ക്. ധനകാര്യ കമ്മീഷനുകളെ സ്വാധീനിച്ച് സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കുറവ് വരുത്താൻ പ്രധാനമന്ത്രി അധികാരത്തിലെത്തിയത് മുതൽ ശ്രമിക്കുന്ന കാര്യമാണെന്ന് ഡോ. തോമസ് ഐസക്ക് എഴുതി.
കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ ഫെബ്രുവരി 3 കരിദിനമായി ആചരിക്കാന്‍ സിപിഐഎം ആഹ്വാനം.സംസ്ഥാനങ്ങളുടെ നികുതി വിഹിതം അട്ടിമറിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വർഷങ്ങളുടെ നീക്കങ്ങളെ തുറന്ന് കാട്ടി ഡോ. തോമസ് ഐസക്ക്. ധനകാര്യ കമ്മീഷനുകളെ സ്വാധീനിച്ച് സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കുറവ് വരുത്താൻ പ്രധാനമന്ത്രി അധികാരത്തിലെത്തിയത് മുതൽ ശ്രമിക്കുന്ന കാര്യമാണെന്ന് ഡോ. തോമസ് ഐസക്ക് എഴുതി.
2014-ൽ പ്രധാനമന്ത്രി ആയപ്പോൾ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ശുപാർശ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഡിയെക്കൊണ്ട് തിരുത്തിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും റെഡ്ഡി വഴങ്ങിയില്ല. അതുകൊണ്ട് 15-ാം ധനകാര്യ കമ്മീഷനെ നിയമിക്കുന്നതുവരെ കാത്തിരുന്നു. 14-ാം ധനകാര്യ കമ്മീഷന്റെ 42 ശതമാനം സംസ്ഥാന വിഹിതമെന്ന നിർദ്ദേശം പുനപരിശോധിക്കണമെന്ന് 15-ാം കമ്മീഷൻ വന്നപ്പോൾ ആവശ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായിട്ടാണ് കേന്ദ്ര സർക്കാർ ഒരു മുൻ ധനകാര്യ കമ്മീഷന്റെ ശുപാർശ പുനപരിശോധിക്കാൻ ആവശ്യപ്പെട്ടതെന്നും ഡോ. തോമസ് ഐസക്ക് എഴുതുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ കടുത്ത പ്രതിഷേധവും കോവിഡും തടസമായെങ്കിലും, 16-ാം ധനകാര്യ കമ്മീഷന്‍റെ തലപ്പത്ത് ഡോ. അരവിന്ദ് പനഗരിയെ പ്രതിഷ്ഠിച്ച് ഒടുവിൽ മോദി തന്റെ ഗൂഢ ലക്ഷ്യങ്ങൾ സാധിച്ചെടുത്തതായും ഡോ. തോമസ് ഐസക്ക് കുറിച്ചു.
16-ാം ധനകാര്യ കമ്മീഷന്റെ ശുപാർശയിൽ റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കി. എല്ലാവരും കരുതിയിരുന്നത് കമ്മീഷൻ കേന്ദ്ര സർക്കാരിന് സെസും സർചാർജ്ജുമായി പിരിക്കാവുന്ന നികുതിക്ക് 10 ശതമാനമോ മറ്റോ ആയി പരിധിവയ്ക്കുമെന്നാണ്. അതുണ്ടായില്ല. അതിനു പകരം കമ്മീഷന്റെ തന്നെ വാക്കുകളിൽ കേന്ദ്ര സർക്കാരുമായി “ഒരു ഗ്രാൻഡ് ഒത്തുതീർപ്പ്” (grand bargain) എത്തിച്ചേരുകയാണ് ചെയ്തത്. സംസ്ഥാനങ്ങൾ കൈയടിച്ചോളൂ, നികുതി വിഹിതം 41 ശതമാനം തന്നെയായി നിലനിർത്തുന്നു. കേന്ദ്ര സർക്കാർ അർമാദിച്ചോളൂ, സെസിനും സർചാർജ്ജിനും പരിധിയില്ല എന്നൊരു പ്രതീതി സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു.
സെസും സർചാർജ്ജും ഇല്ലാതെ 41 ശതമാനം നികുതി വിഹിതവും റവന്യു കമ്മി ഗ്രാന്റും നൽകുകയാണെങ്കിൽ സംസ്ഥാനങ്ങൾക്കു ലഭിക്കുന്നതിനേക്കാൾ 3.5 – 5 ലക്ഷം കോടി രൂപ വീതം പ്രതിവർഷം സംസ്ഥാനങ്ങൾക്കു നഷ്ടമാകുമെന്നും ഡോ. തോമസ് ഐസക്ക് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അവസാനം മോദി സംസ്ഥാന ധനകാര്യത്തെ അട്ടിമറിക്കുന്നതിൽ വിജയിച്ചു. സംസ്ഥാനങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ പണം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് പ്രധാനമന്ത്രി ആയതുമുതലുള്ള മോദിയുടെ വേവലാതി. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നേരെ തിരിച്ചായിരുന്നു വാദങ്ങൾ. 14-ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് 2014-ൽ പ്രധാനമന്ത്രി ആയത്. 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ശുപാർശ കമ്മീഷൻ ചെയർമാൻ വൈ.വി. റെഡ്ഡിയെക്കൊണ്ട് തിരുത്തിക്കുന്നതിന് നടത്തിയ ഗൂഡാലോചന അന്നത്തെ സെക്രട്ടറിമാരിൽ ഒരാൾ വെളിപ്പെടുത്തുകയുണ്ടായി. റെഡ്ഡി വഴങ്ങിയില്ല. അതുകൊണ്ട് 15-ാം ധനകാര്യ കമ്മീഷനെ നിയമിക്കുന്നതുവരെ കാത്തിരുന്നു.
15-ാം ധനകാര്യ കമ്മീഷനെവച്ചപ്പോൾ പരിഗണനാ വിഷയങ്ങളിൽ അസാധാരണമായ രണ്ട് ഇനങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, കമ്മീഷൻ 14-ാം ധനകാര്യ കമ്മീഷന്റെ 42 ശതമാനം സംസ്ഥാന വിഹിതമെന്ന നിർദ്ദേശം പുനപരിശോധിക്കണം. ചരിത്രത്തിൽ ആദ്യമായിട്ടാണ് കേന്ദ്ര സർക്കാർ ഒരു മുൻ ധനകാര്യ കമ്മീഷന്റെ ശുപാർശ പുനപരിശോധിക്കാൻ ആവശ്യപ്പെട്ടത്.
പിന്നെ, പരിഗണനാ വിഷയങ്ങിൽ ഇങ്ങനെ ഒരു ഇനവും കൂടി ചേർത്തു. “The Commission may also examine whether revenue deficit grants be provided at all” (റവന്യു കമ്മി ഗ്രാന്റ് ഇനി നൽകേണ്ടതുണ്ടോയെന്ന് കമ്മീഷൻ പരിശോധിക്കേണ്ടതാണ് – ഇംഗ്ലീഷിൽ provided at all എന്നു പറയുന്നതിലെ പുച്ഛം മലയാള തർജ്ജിമയിൽ വരില്ല. അതുകൊണ്ടാണ് ഇംഗ്ലീഷിൽ തന്നെ ആദ്യം ഉദ്ധരിച്ചത്).
വലിയ ബഹളമായി. എല്ലാ സംസ്ഥാനങ്ങളും പ്രതിഷേധിച്ചു. കേരളം തിരുവനന്തപുരത്ത് മാത്രമല്ല പുതുശ്ശേരി, വിജയവാഡ, ന്യൂഡൽഹി എന്നിവിടങ്ങളിൽവച്ച് സെമിനാറുകളും നടത്തി. കോൺഗ്രസ് ധനമന്ത്രിമാരും ഈ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. ഡൽഹി സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡോ. മൻമോഹൻ സിംഗ് ആയിരുന്നു. ചണ്ഡിഗഡിൽ വച്ചു സെമിനാർ നടത്താനിരിക്കെയാണ് കോവിഡ് മഹാമാരി വന്നത്. കോവിഡ് സംസ്ഥാനങ്ങളെ രക്ഷിച്ചു. കോവിഡ് സാഹചര്യത്തിൽ സംസ്ഥാന നികുതി വിഹിതമോ ഗ്രാന്റോ കുറയ്ക്കമെന്ന് ശുപാർശ ചെയ്യാൻ ഒരു കമ്മീഷനും കഴിയുമായിരുന്നില്ല.
16-ാം ധനകാര്യ കമ്മീഷനെ നിയമിച്ചപ്പോൾ മോദി കൂടുതൽ നയതന്ത്രജ്ഞത പാലിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ വിവാദമാകാവുന്ന ഒരു കാര്യവും ചേർത്തില്ല. പകരം തന്റെ മനസ് കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗരിയെ അധ്യക്ഷനാക്കി. അദ്ദേഹം വേണ്ടത് ചെയ്തുകൊള്ളുമെന്ന് മോദിക്ക് ഉറപ്പുണ്ടായിരുന്നു. മോദി ഉദ്ദേശിച്ചതുതന്നെ നടന്നു.
16-ാം ധനകാര്യ കമ്മീഷന്റെ ശുപാർശയിൽ റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കി. അതുപോലെ തന്നെ പ്രത്യേക ആവശ്യങ്ങൾക്കായുള്ള ഗ്രാന്റുകളും. ഇനി ദുരന്തനിവാരണത്തിനും പ്രാദേശിക സർക്കാരുകൾക്കും വേണ്ടി മാത്രമേ ഗ്രാന്റുകൾ നൽകുകയുള്ളൂ. ഇതിന്റെ ഏറ്റവും വലിയ നഷ്ടം കേരളത്തിനാണ്.
കമ്മീഷന്റെ ന്യായം ഇതാണ്- ഇപ്പോൾ സംസ്ഥാനങ്ങളുടെ റവന്യു കമ്മി വളരെ ചെറുതാണ്. റവന്യു കമ്മിയുള്ള ചില സംസ്ഥാനങ്ങളെ സഹായിക്കാൻ തുനിഞ്ഞാൽ അത് ധനകാര്യ അച്ചടക്കത്തെ ബാധിക്കും. കമ്മിയുള്ള സംസ്ഥാനങ്ങൾ സ്വയം പോംവഴി കണ്ടെത്തണം.
ഭരണഘടനാ നിർമ്മാതാക്കളെക്കാൾ വിദ്വാന്മാരാകാനാണ് ധനകാര്യ കമ്മീഷന്റെ ശ്രമം. റവന്യു കമ്മി കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയാത്തത് ചരിത്രപരമായ ആ സംസ്ഥാനങ്ങളുടെ റവന്യു ചെലവിനുള്ള വലിയ പ്രാധാന്യംമൂലമാണ്. ജി.എസ്.ടി വന്നതോടെ ഈ കമ്മി നികത്താൻ തനത് റവന്യു വരുമാനം സ്വയം ഉയർത്താനുള്ള പ്രയാസങ്ങളും പലമടങ്ങായി. അന്തർസംസ്ഥാന ജി.എസ്.ടിയിൽ (ഐ.ജി.എസ്.ടി) ഡൽഹിയിലെ ജി.എസ്.ടി കൗൺസിൽ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. അതുവരെ കേരളത്തെ സഹായിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ധനകാര്യ കമ്മീഷനാവട്ടെ കേരളം സ്വയം സഹിച്ചുകൊള്ളണമെന്നും.
15-ാം ധനകാര്യ കമ്മീഷൻ മൊത്തം 17 സംസ്ഥാനങ്ങൾക്കായി 2.94 ലക്ഷം കോടി രൂപയാണ് റവന്യു കമ്മി ഗ്രാന്റ് അനുവദിച്ചത്. ഇതിൽ 37,814 കോടി രൂപ കേരളത്തിനായിരുന്നു. ഈ കഥ പൂർണ്ണമല്ല. 2020-21-ൽ കോവിഡുമൂലം കമ്മീഷൻ ഒരു വാർഷിക അവാർഡ് പ്രഖ്യാപിക്കുകയാണു ചെയ്തത്. ഇതിന് സംസ്ഥാനങ്ങൾക്ക് 74,341 കോടി രൂപ റവന്യു കമ്മി ഗ്രാന്റായി അനുവദിച്ചു. ഇതിൽ കേരളത്തിന് 15,323 കോടി രൂപ ലഭിച്ചു. അങ്ങനെ 15-ാം ധനകാര്യ കമ്മീഷൻ കേരളത്തിന് മൊത്തം 53,137 കോടി രൂപ റവന്യു കമ്മി ഗ്രാന്റായി അനുവദിച്ചു. ഈ ഭീമമായ തുകയാണ് ഇപ്പോൾ ഇല്ലാതാകുന്നത്.
ഇതു മറന്ന് ഒട്ടനവധി പേർ കേരളത്തിന്റെ നികുതി വിഹിതം 1.99-ൽ നിന്ന് 2.44 ശതമാനമായി ഉയരും എന്നതിൽ ആശ്വാസം കൊള്ളുകയാണ്. ഇതുമൂലം 2026-27-ൽ ഏതാണ്ട് 10,000 കോടി രൂപയുടെ വർദ്ധനയുണ്ടാകും. പക്ഷേ, അതിനേക്കാൾ വലിയ നഷ്ടം നമ്മെ തുറിച്ചു നോക്കുകയാണ്.
എല്ലാവരും കരുതിയിരുന്നത് കമ്മീഷൻ കേന്ദ്ര സർക്കാരിന് സെസും സർചാർജ്ജുമായി പിരിക്കാവുന്ന നികുതിക്ക് 10 ശതമാനമോ മറ്റോ ആയി പരിധിവയ്ക്കുമെന്നാണ്. അതുണ്ടായില്ല. അതിനു പകരം കമ്മീഷന്റെ തന്നെ വാക്കുകളിൽ കേന്ദ്ര സർക്കാരുമായി “ഒരു ഗ്രാൻഡ് ഒത്തുതീർപ്പ്” (grand bargain) എത്തിച്ചേരുകയാണ് ചെയ്തത്. സംസ്ഥാനങ്ങൾ കൈയടിച്ചോളൂ, നികുതി വിഹിതം 41 ശതമാനം തന്നെയായി നിലനിർത്തുന്നു. കേന്ദ്ര സർക്കാർ അർമാദിച്ചോളൂ, സെസിനും സർചാർജ്ജിനും പരിധിയില്ല.
സംഭവിക്കാൻ പോകുന്നത് മോദി കഴിഞ്ഞ അഞ്ച് വർഷം ചെയ്തതു തന്നെയാണ്. നികുതി വർദ്ധന സെസും സർചാർജ്ജും ഏർപ്പെടുത്തുക വഴി നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്കു കൊടുക്കുന്നതിനു പകരം 29-31 ശതമാനമേ കൈമാറിയിരുന്നുള്ളൂ. അത് തുടരാൻ പോവുകയാണ്. ഇതോടൊപ്പം ഇനി റവന്യു കമ്മിയും മറ്റു ഗ്രാന്റുകളും നൽകേണ്ടതുമില്ല. അപ്പോൾ കേന്ദ്രത്തിൽ നിന്നു സംസ്ഥാനങ്ങൾക്കു കൈമാറുന്ന തുകയിൽ വന്ന ഇടിവ് ഒന്നു കണക്കാക്കിക്കേ?
സെസും സർചാർജ്ജും ഇല്ലാതെ 41 ശതമാനം നികുതി വിഹിതവും റവന്യു കമ്മി ഗ്രാന്റും നൽകുകയാണെങ്കിൽ സംസ്ഥാനങ്ങൾക്കു ലഭിക്കുന്നതിനേക്കാൾ 3.5-5 ലക്ഷം കോടി രൂപ വീതം പ്രതിവർഷം സംസ്ഥാനങ്ങൾക്കു നഷ്ടമാകും.