നീറ്റ് പിജി 2025 രണ്ടാംഘട്ട കൗൺസിലിങ്: 2,620 പുതിയ സീറ്റുകൾ
ന്യൂഡൽഹി: മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (MCC) നീറ്റ് പിജി 2025 രണ്ടാം ഘട്ട കൗൺസിലിംഗിനായുള്ള സീറ്റ് മാട്രിക്സ് പുറത്തിറക്കി. മാട്രിക്സിലേക്ക് ആകെ 2,620 സീറ്റുകള്‍ പുതുതായി ഉള്‍പ്പെടുത്തിയതായി എംസിസി അറിയിച്ചു. ഓൾ ഇന്ത്യ ക്വാട്ട (AIQ) പ്രകാരം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
രണ്ടാം ഘട്ട കൗൺസിലിംഗിനായി ആകെ 32,080 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 17,623 ഒഴിവുകളും, 11,837 വെർച്വൽ ഒഴിവുകളും, പുതുതായി ചേർത്ത 2,620 സീറ്റുകളും ഉൾപ്പെടുന്നു.
ചോയ്സ് ഫില്ലിങ്, ലോക്കിങ് തിയതികൾ
ഔദ്യോഗിക എംസിസി പോർട്ടലായ mcc.nic.in വഴി ചോയ്സ് ഫില്ലിങ് നിലവിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ ഒമ്പത് രാത്രി 11:55 വരെ ചോയ്സുകൾ പൂരിപ്പിക്കാനും സമർപ്പിക്കാനും അവസരമുണ്ട്. ചോയ്സ് ലോക്കിങ് അതേ ദിവസം വൈകുന്നേരം നാല് മണി മുതൽ 11:55 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ ഉദ്യോഗാർത്ഥികൾ മുൻഗണനകൾ സമർപ്പിക്കുകയും ലോക്ക് ചെയ്യുകയും ചെയ്യണം.
രണ്ടാം ഘട്ട സീറ്റ് അലോട്ട്മെന്റ് ഫലങ്ങൾ ഡിസംബർ 12-ന് പ്രഖ്യാപിക്കും.
കൗൺസിലിങ്ങിൽ ആർക്കൊക്കെ പങ്കെടുക്കാം?
ഒന്നാം ഘട്ടത്തിൽ സീറ്റ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾക്കും അല്ലെങ്കിൽ AIQ സീറ്റുകൾക്കായി പുതുതായി അപേക്ഷിക്കുന്നവർക്കും ഈ ഘട്ടത്തിൽ പങ്കെടുക്കാം. ആദ്യ റൗണ്ടിൽ സീറ്റ് നേടിയ 26,889 ഉദ്യോഗാർത്ഥികൾ പുതിയ റൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് അവരുടെ രേഖാ പരിശോധനയ്ക്കായി അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
എംഡി ജനറൽ മെഡിസിൻ, എംഡി റേഡിയോ ഡയഗ്നോസിസ്, എംഡി ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞെടുത്ത കോഴ്സുകൾ. ഉദ്യോഗാർത്ഥികൾക്ക് സീറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനായി അപ്ഡേറ്റ് ചെയ്ത സീറ്റ് മാട്രിക്സ് ശ്രദ്ധാപൂർവ്വം പരിശോധിച്ച് മുൻഗണനകൾ ഉടൻ സമർപ്പിക്കണം.