നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ്; വാഹനത്തിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മ, പൊലീസ് ഇന്ന് മൊഴിയെടുക്കും

അപകടനേരത്ത് വാഹനം ഓടിച്ച സുഹൈല്‍ സജീവ്, സഹയത്രികരായ നിനവ്, ജോയല്‍ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

 

സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പും അന്വേഷണ സംഘം തുടങ്ങി.

നെടുമ്പാശ്ശേരി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവന്റെ അമ്മയുടെ മൊഴിയെടുക്കാന്‍ പൊലീസ് ഇന്നെടുക്കും. സുഹൈല്‍ ഓടിച്ച മിനി കൂപ്പറിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം നേരിട്ട് കാണും. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പാലക്കാടും വയനാടും പോയി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ പൊലീസ് കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പും അന്വേഷണ സംഘം തുടങ്ങി.


അപകടനേരത്ത് വാഹനം ഓടിച്ച സുഹൈല്‍ സജീവ്, സഹയത്രികരായ നിനവ്, ജോയല്‍ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈല്‍ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയില്‍ തെളിഞ്ഞു. സഹയാത്രികര്‍ ആകട്ടെ സുഹൈലിനെ തടഞ്ഞുമില്ല. ദൃക്‌സാക്ഷി മൊഴികളും സിസിടിവിയുമുണ്ട്. അപകട നേരത്തെ നിര്‍ണായക വിവരങ്ങള്‍ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നല്‍കിയാല്‍, പ്രതികള്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാല്‍, ഇനിയും 19 വയസ്സുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.

ഒക്ടബോര്‍ 11ന് പുലര്‍ച്ചെ അപകടമുണ്ടായ, വിമാനത്താവള റോഡില്‍ പൊലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പരിശോധിച്ചു. റോഡിന്റെ ഡിസൈന്‍, നിര്‍മാണം എന്നിവ അപകടത്തിന് കാരണമായോ എന്നതടക്കമായിരുന്നു പരിശോധനയുടെ ഉള്ളടക്കം. മോട്ടോര്‍ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. റോഡില്‍ വേഗത നിയന്ത്രണത്തിന് ക്രമീകരണം ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പര്‍ പതിയുന്ന ക്യാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.