നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുഹൈൽ ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. സുഹൈലിന്റെ ജാമ്യം പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും നാല് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

 

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുഹൈൽ ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. സുഹൈലിന്റെ ജാമ്യം പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും നാല് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

അപകടം അത്യന്തം ദൗർഭാഗ്യകരമാണെന്ന് നിരീക്ഷിച്ച കോടതി, കേസിലെ എല്ലാ തെളിവുകളും ശേഖരിച്ചോ എന്ന് അന്വേഷണ സംഘത്തോട് ആരാഞ്ഞു. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി. തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതിനിടെ, അപകടസമയത്ത് വാഹനം കടുത്ത അമിതവേഗതയിലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ഇഡിആർ (EDR) പരിശോധനാഫലം പുറത്തുവന്നു. ബിഎംഡബ്ല്യു അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോർട്ട് പ്രകാരം അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂടാതെ, വാഹനം 500 മീറ്റർ ദൂരം സഞ്ചരിച്ചത് വെറും 11 സെക്കൻഡ് കൊണ്ടാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ചശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മിനി കൂപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചത്. കേസിൽ സുഹൈലിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.