നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം ; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

 നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അപേക്ഷ നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി ഇന്ന് പരിഗണിക്കും.

 

 നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അപേക്ഷ നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുൻപ് തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ അഷ്കറിനെതിരെ കൊലക്കുറ്റം, കുട്ടികൾക്കെതിരായ അതിക്രമം, എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം തുടങ്ങി അതീവ ഗൗരവകരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണ നൽകിയതിനുമാണ് അമ്മ അഖിലക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പോലും പിഞ്ചുകുഞ്ഞിനെ അഷ്കർ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ കുടുംബം തന്നെ വെളിപ്പെടുത്തിയത് കേസിൽ വലിയ വഴിത്തിരിവായിട്ടുണ്ട്.

ഉച്ചഭക്ഷണം നൽകുന്നതിനിടെ കുട്ടി ഛർദിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു അഷ്കർ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, പ്രതികൾ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കാണിച്ച് കുട്ടിയുടെ അച്ഛൻ്റെ വീട്ടുകാരും അമ്മൂമ്മയും നേരത്തെ തന്നെ പരാതി നൽകിയിരുന്നു. കുടുംബത്തിന്റെ മൊഴിയും പോലീസിന്റെ കണ്ടെത്തലുകളും കേസിൽ പ്രതികൾക്കെതിരായ കുരുക്ക് മുറുക്കുകയാണ്.