ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളംപേരും ദര്‍ശനത്തിനെത്തുന്നില്ല

പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാന്‍ കഴിയുന്നത്

 

തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ല. വരാന്‍ കഴിയാത്തവര്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതേസമയം, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്.


പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാന്‍ കഴിയുന്നത് . ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബര്‍ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു. എന്നാല്‍, മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ദര്‍ശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലും ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമാണ് എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കും ഉദ്ദേശിച്ച സമയത്ത് ദര്‍ശനം കിട്ടുന്നില്ല.