ദേശീയ സെക്രട്ടറി പദവിയില്‍ നിന്നും ജെ സതീഷ് തോന്നയ്ക്കലിനെ പുറത്താക്കി എന്‍സിപി

പി സി ചാക്കോയുടെയും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെയും നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.

 

എന്നാല്‍ നടപടിയെടുക്കും മുന്‍പ് തന്നെ പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും രാജിവെച്ചിരുന്നുവെന്നാണ് ജെ സതീഷ് തോന്നയ്ക്കല്‍ പറയുന്നത്.

ദേശീയ സെക്രട്ടറി പദവിയില്‍ നിന്നും ജെ സതീഷ് തോന്നയ്ക്കലിനെ പുറത്താക്കി എന്‍സിപി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക തിരിമറിയും അടക്കം നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സതീഷ് തോന്നയ്ക്കലിനെതിരായ നടപടി.

പി സി ചാക്കോയുടെയും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെയും നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. ഫെബ്രുവരി 17 ലേതാണ് നടപടിയെടുത്തുകൊണ്ടുള്ള കത്ത്. സതീഷിന്റെ പ്രവര്‍ത്തികള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കത്തിലൂടെ അറിയിക്കുന്നു.

എന്നാല്‍ നടപടിയെടുക്കും മുന്‍പ് തന്നെ പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും രാജിവെച്ചിരുന്നുവെന്നാണ് ജെ സതീഷ് തോന്നയ്ക്കല്‍ പറയുന്നത്. പദവിയൊഴിയുന്നുവെന്നറിയിച്ച് ഫെബ്രുവരി ഒന്‍പതിന് നേതൃത്വത്തിന് അയച്ച കത്തും പുറത്ത് വന്നു.

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സതീഷ് തോന്നയ്ക്കലിന്റെ കത്തില്‍ സൂചിപ്പിക്കുന്നത്. തോമസ് കെ തോമസിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി അപമാനവും അപകീര്‍ത്തികരമായ നടപടികളും നേരിടുകയാണ്. ഇത് സാമൂഹിക ജീവിതം മാത്രമല്ല, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും സാമൂഹിക വികസന പരിപാടികളില്‍ പങ്കെടുക്കുന്നതിനും തടസ്സമാവുകയാണെന്ന് ജെ സതീഷ് തോന്നയ്ക്കല്‍ കത്തിലൂടെ അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജിവെക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.