മണ്ഡല പുനർനിർണയ ബില്ലിൽ എൻസിപിയിൽ ഭിന്നത; ബില്ലിനെ എതിർക്കണമെന്ന് പി.സി. ചാക്കോ
കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ (Delimitation Bill) എതിർക്കണമെന്ന ആഹ്വാനവുമായി എൻസിപി (ശരദ് പവാർ വിഭാഗം) വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ രംഗത്ത്. ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, എൻസിപി ഇന്ത്യാ സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കണമെന്ന നിലപാടുമായി പി.സി. ചാക്കോ രംഗത്തെത്തിയത്.
കൊച്ചി: കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ (Delimitation Bill) എതിർക്കണമെന്ന ആഹ്വാനവുമായി എൻസിപി (ശരദ് പവാർ വിഭാഗം) വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ രംഗത്ത്. ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, എൻസിപി ഇന്ത്യാ സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കണമെന്ന നിലപാടുമായി പി.സി. ചാക്കോ രംഗത്തെത്തിയത്.
വനിതാ സംവരണം എന്ന ലക്ഷ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മതിയായ കൂടിയാലോചനകളോ സമവായമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ മണ്ഡല പുനർനിർണയം നടപ്പാക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് രാഷ്ട്രീയ സൗകര്യങ്ങൾ നോക്കേണ്ട സമയമല്ലെന്നും മറിച്ച് രാഷ്ട്രീയ ബോധ്യങ്ങൾക്കൊപ്പം നിൽക്കേണ്ട നിമിഷമാണെന്നും പി.സി. ചാക്കോ ഓർമ്മിപ്പിച്ചു. നിർദ്ദിഷ്ട നിയമനിർമ്മാണത്തെ പാർട്ടി ശക്തമായി എതിർക്കണമെന്നും ഭരണഘടനാ തത്വങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പക്ഷത്ത് എൻസിപി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി നവംബർ 30 മുതൽ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നത്. നിലവിലുള്ള 543 ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കാനും അതിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യാനുമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡിഎംകെ, എൻസിപി (ശരദ് പവാർ വിഭാഗം), വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെ, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് ജിതേന്ദ്ര ആവാദ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതും സുപ്രിയ സുലെ ബില്ലിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ബില്ലിന്റെ കരട് പരിശോധിച്ച ശേഷം തിങ്കളാഴ്ച മാത്രമേ അന്തിമ നിലപാട് പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സുപ്രിയ സുലെ വ്യക്തമാക്കിയിട്ടുള്ളത്.