ഒക്ടോബര്‍ 2 മുതല്‍ 8 വരെ രാജ്യവ്യാപകമായി 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' ക്യാമ്പയിന്‍
രാജ്യത്തെ ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിനായി ഇന്ത്യാ സഖ്യത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അണിനിരത്തി
രാജ്യത്തെ ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിനായി ഇന്ത്യാ സഖ്യത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അണിനിരത്തി ഒക്ടോബര്‍ 2 മുതല്‍ 8 വരെ രാജ്യവ്യാപകമായി 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണര്‍മാര്‍ നല്‍കിയ 14 കത്തുകളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പോലും അവഗണിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്ന 'കള്ള കമ്മീഷനെ' പുറത്താക്കുന്നതിനും, ഇതിന് ഉത്തരവാദികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുന്നതിനുമുള്ള വലിയ പോരാട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 6-ന് എം.പിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തുകയും നേതാക്കള്‍ അറസ്റ്റ് വരിച്ച് സമരം ശക്തമാക്കുകയും ചെയ്യും.
ഭരണകൂട വേട്ടയാടലുകള്‍ക്കിടയിലും അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിക്കാനും ശക്തമായ സമരങ്ങള്‍ നയിക്കാനും കേരളത്തിലെ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ജനങ്ങളുടെ വോട്ടവകാശം പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം വലിയ ഭീഷണികള്‍ക്കെതിരെ ഒന്നിച്ച് പോരാടുന്നതിനാണ് നാമെല്ലാവരും മുന്‍ഗണന നല്‍കേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
എന്തിലും എന്നെ പ്രതിയാക്കാന്‍ ചിലര്‍ക്ക് ധൃതി,കുറേ തീര്‍ത്തില്ലേ, ഇനിയും വേണോ?
തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന വാര്‍ത്താശൈലിയെയും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിലെ നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പോലും തന്റെ പേരുമായി കൂട്ടിച്ചേര്‍ക്കാന്‍ ചിലര്‍ ധൃതികാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നത്? കുറേ തീര്‍ത്തില്ലേ? ഇനിയും വേണോ ഇത്? എന്ത് കിട്ടിയാലും ഒരു ഭാഗത്ത് കെ.സി. വേണുഗോപാലിനെ പ്രതിയാക്കാനാണ് ചിലര്‍ക്ക് ഇഷ്ടം,'' അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ നാലുമാസമായി തന്റെ നിലപാട് യുഡിഎഫ് സര്‍ക്കാരിനെ ന്യായീകരിക്കുന്നതാണെന്നും സര്‍ക്കാരിനെതിരായ ഒരു പ്രസ്താവന പോലും പ്രോത്സാഹിപ്പിക്കാന്‍ താന്‍ തയ്യാറായിട്ടില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന ബിജെപി ഭരണകൂടത്തെ 2029ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്റെ ഹൃദയത്തിലും മനസ്സിലുമുള്ളതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇതിനായി ജീവിതത്തില്‍ എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിനുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടി നേതൃത്വം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ''ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായവ്യത്യാസമുള്ളവരെ തുണ്ടുതുണ്ടായി വെട്ടിയരിഞ്ഞ് ഇല്ലാതാക്കുന്ന പാര്‍ട്ടിയല്ല ഇത്. അവരെ കേള്‍ക്കാനുള്ള വേദികളില്‍ അവരെ കേള്‍ക്കും,'' അദ്ദേഹം പറഞ്ഞു.
സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അത് പുറത്തു ചര്‍ച്ച ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ഈ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിനുള്ളില്‍ വേദിയുണ്ട്. അവിടെ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിനും കെ.സി. വേണുഗോപാല്‍ മറുപടി നല്‍കി. ''കെപിസിസിക്ക് സണ്ണി ജോസഫ് എന്ന ശക്തനായ പ്രസിഡന്റുണ്ട്. പ്രസിഡന്റിനെ മാറ്റേണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എഐസിസി അധ്യക്ഷനാണ്,'' അദ്ദേഹം വ്യക്തമാക്കി.