ദേശീയപാത വികസനം അനിശ്ചിതമായി നീളാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് അടൂർ പ്രകാശ് എം.പി
കടമ്പാട്ടുകോണം – കഴക്കൂട്ടം ദേശീയപാതാ വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അടൂർ പ്രകാശ് എം.പി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എം.പി ശക്തമായ പ്രതിഷേധം അറിയിച്ചത്. പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ അനിശ്ചിതമായി നീണ്ടുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: കടമ്പാട്ടുകോണം – കഴക്കൂട്ടം ദേശീയപാതാ വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അടൂർ പ്രകാശ് എം.പി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എം.പി ശക്തമായ പ്രതിഷേധം അറിയിച്ചത്. പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ അനിശ്ചിതമായി നീണ്ടുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർമ്മാണത്തിലെ കാലതാമസം മൂലം പ്രദേശവാസികളും യാത്രക്കാരും കടുത്ത പ്രയാസമാണ് നേരിടുന്നത്. ഗതാഗതക്കുരുക്ക്, റോഡിലെ പൊടിശല്യം, അപകടസാധ്യതകൾ, യാത്രാസമയത്തിലെ വർധനവ് എന്നിവ കാരണം പ്രതിദിന യാത്രക്കാരും വ്യാപാരികളും വിദ്യാർഥികളും രോഗികളും ഒരുപോലെ ദുരിതത്തിലാണെന്ന് എം.പി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികൃതർ ഉടൻ ഇടപെടണം.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ സമയക്രമം തയാറാക്കി നടപ്പാക്കണം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം ഉണ്ടാകുന്ന തടസ്സങ്ങൾ ഉടൻ പരിഹരിക്കണമെന്നും, ആവശ്യമായ സ്ഥലങ്ങളിൽ സുരക്ഷിതമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണമെന്നും എം.പി നിർദേശിച്ചു.പദ്ധതിയുടെ പുരോഗതിയും ഗുണനിലവാരവും സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് നൽകണം. ജനപ്രതിനിധികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി പ്രാദേശികതലത്തിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഇനിയും വീഴ്ചയുണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് എം.പി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.