സീതത്തോട് മലവെള്ളപ്പാച്ചിലിൽ നരൻ മോഡലിൽ തടിപിടിക്കാനിറങ്ങിയ യുവാക്കൾക്കെതിരെ കേസ്

 

പത്തനംതിട്ട: സീതത്തോട് മലവെള്ളപ്പാച്ചിലിൽ തടിപിടിക്കാനിറങ്ങിയ യുവാക്കൾക്കെതിരെ കേസ്. കോട്ടമൺപാറ ഭാഗത്ത് വാലുപാറ സ്വദേശികളായ വിപിൻ സണ്ണി, നിഖിൽ ബിജു, രാഹുൽ സന്തോഷ് എന്നിവർക്കെതിരേയാണ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മൂഴിയാർ പോലീസ് സ്റ്റേഷനിൽ മൂന്നുപേരും ഹാജരാകണമെന്നാണ് നിർദ്ദേശം.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ ചേർന്ന് സാഹസികമായി തടിപിടിക്കാൻ ശ്രമം നടത്തുകയായിരുന്നു. കൂറ്റൻതടി ഒഴുകിവരുന്നത് കണ്ടാണ് മൂവരും നദിയിലേക്ക് ചാടിയത്. നീന്തി തടിയുടെ പുറത്ത് കയറിയ യുവാക്കൾ തടി കരയ്ക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ തടിയുടെ പുറത്തിരുന്ന് ഒരു കിലോമീറ്ററോളം ദൂരം യുവാക്കൾ നദിയിലൂടെ കടന്നുപോയി. ഉറുമ്പനി വെള്ളച്ചാട്ടത്തിനടുത്ത് എത്താറായിട്ടും തടി കരയ്ക്കടിപ്പിക്കാനുള്ള യുവാക്കളുടെ ശ്രമം വിജയിച്ചില്ല. ഇതോടെ അപകടം മണത്ത യുവാക്കൾ തടി ഉപേക്ഷിച്ച് കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർ തന്നെയാണ് വീഡിയോ നരൻ ചിത്രത്തിലെ ഗാനം ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള സാഹസികത വേണമായിരുന്നോ എന്ന തരത്തിലുള്ള വ്യാപക വിമർശനങ്ങളും വീഡിയോയ്ക്കെതിരെ ഉയർന്നിരുന്നു.