വിദ്യാര്‍ത്ഥികള്‍ ശുചിത്വ ബോധമുള്ള പൗരന്‍മാരാകണം; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

വിദ്യാര്‍ത്ഥികള്‍ ശുചിത്വ ബോധമുള്ള പൗരന്‍മാരാകണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മാതൃകാ പച്ചത്തുരുത്ത്

 


കാസർകോട് : വിദ്യാര്‍ത്ഥികള്‍ ശുചിത്വ ബോധമുള്ള പൗരന്‍മാരാകണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മാതൃകാ പച്ചത്തുരുത്ത്, ഹരിത കലാലയം പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വ ബോധം വിദ്യാര്‍ത്ഥി കാലം മുതല്‍ ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും നമ്മുടെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെയാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ആല്‍ മരത്തിന് വെള്ളമൊഴിച്ച് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാതൃകാ പച്ചത്തുരുത്ത്  പ്രഖ്യാപനം നടത്തി.

ജില്ലാ കളക്ടര്‍ കെ.  ഇമ്പശേഖര്‍ ഹരിത കലാലയം പ്രഖ്യാപനം നടത്തി. ശ്രമകരമായി നേടിയെടുത്ത ഹരിത കലാലയം പദവിക്കായി ക്യാമ്പസില്‍ ഒരുക്കിയ സജ്ജീകരണങ്ങളും പച്ചത്തുരുത്തുമെല്ലാം പരിപാലിക്കുന്നതിനും തുടര്‍ന്ന് കൊണ്ടുപോകുന്നതിനും വിദ്യാര്‍ത്ഥികളും അധ്യാപകരും മുന്നില്‍ നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പാള്‍ പി.വി മിനി, ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ. നീലാംബരന്‍, പി.ടി.എ പ്രസിഡന്റ് എ. പ്രേംജിത്ത്, ബോട്ടണി വിഭാഗം മേധാവി ഡോ. ഇ.ജെ ജോസുകുട്ടി, ബയോഡൈവേഴ്‌സിറ്റി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഡോ.പി ബിജു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഗസ്വാന്‍ അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍ സ്വാഗതവും എന്‍.സി.സി ഓഫീസര്‍ ഡോ. കെ. ലക്ഷ്മി നന്ദിയും പറഞ്ഞു.