കഴക്കൂട്ടത്ത് നാലു വയസുകാരന്റെ മരണത്തില്‍ ദുരൂഹത ; ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും

കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകള്‍ എന്നാണ് പ്രാഥമിക നിഗമനം.

 

കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് മുന്നി ബീഗവും സുഹൃത്ത് തന്‍ബീര്‍ ആലവും പൊലീസ് കസ്റ്റഡിയിലാണ്. 


തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയില്‍ മരിച്ച നാല് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് മുന്നി ബീഗവും സുഹൃത്ത് തന്‍ബീര്‍ ആലവും പൊലീസ് കസ്റ്റഡിയിലാണ്. 

ഇന്നലെ വൈകീട്ട്  ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നെന്ന് പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നു. കഴുത്തില്‍ അസ്വഭാവികമായ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകള്‍ എന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് മുന്നി ബീഗത്തെയും സുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള ഇവരെ ഇന്നും പൊലീസ് ചോദ്യം ചെയ്യും. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.