2027ലെ യുപി തെരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളിലും എന്റെ പാര്‍ട്ടി മത്സരിക്കും': പിന്തുണ തേടി മുന്‍ ഐഎഎസ് ഓഫീസര്‍ ദിവ്യ മിത്തല്‍
2027ലെ യുപി തെരഞ്ഞെടുപ്പില്‍ 403 മണ്ഡലങ്ങളിലും എന്റെ പാര്‍ട്ടി മത്സരിക്കും': പിന്തുണ തേടി മുന്‍ ഐഎഎസ് ഓഫീസര്‍ ദിവ്യ മിത്തല്‍
കേവലം രാഷ്ട്രീയം പറയുന്നതിന് പകരം ജനകേന്ദ്രീകൃത ഭരണം കൊണ്ടുവരാനും ജനങ്ങളുടെ ഭരണം സ്ഥാപിക്കാനുമാണ് താന്‍ പൊതുരംഗത്തേക്ക് ഇറങ്ങിയതെന്ന് ദിവ്യ മിത്തല്‍ വ്യക്തമാക്കി.
ചുനാറിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും പിന്തുണയ്ക്കണമെന്നും ദിവ്യ മിത്തല്‍ അഭ്യര്‍ത്ഥിച്ചു.
2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തല്‍ പ്രഖ്യാപിച്ചു. 403 മണ്ഡലങ്ങളിലും ജനനീതി ഭാരത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് പ്രഖ്യാപനം. ശനിയാഴ്ച മിര്‍സാപ്പൂരിലെ ചുനാറില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ദിവ്യ മിത്തല്‍ ഇക്കാര്യം അറിയിച്ചത്. ചുനാറിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും പിന്തുണയ്ക്കണമെന്നും ദിവ്യ മിത്തല്‍ അഭ്യര്‍ത്ഥിച്ചു.
പരിപാടിക്കെത്തിയ ദിവ്യ മിത്തല്‍ ഗുഹ്രാജ് നിഷാദ് പാര്‍ക്കിലെ നിഷാദ് രാജിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജനങ്ങളുമായി സംവദിച്ചത്- 'ഞങ്ങളുടെ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചുനാറിലും ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് ചുനാറിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ശക്തരായ സ്ഥാനാര്‍ത്ഥികളെ ലഭിക്കുന്നിടത്തെല്ലാം, അതായത് സംസ്ഥാനത്തെ 403 സീറ്റുകളിലും ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും'- ദിവ്യ മിത്തല്‍ പറഞ്ഞു.
കേവലം രാഷ്ട്രീയം പറയുന്നതിന് പകരം ജനകേന്ദ്രീകൃത ഭരണം കൊണ്ടുവരാനും ജനങ്ങളുടെ ഭരണം സ്ഥാപിക്കാനുമാണ് താന്‍ പൊതുരംഗത്തേക്ക് ഇറങ്ങിയതെന്ന് ദിവ്യ മിത്തല്‍ വ്യക്തമാക്കി. വെറും രാഷ്ട്രീയമല്ല, ജനനീതിയാണ് നമുക്ക് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.