പണം വാങ്ങും രസീതും നൽകും ,നികുതി അടയ്ക്കില്ല; വാഹന ഉടമകളെ പറ്റിക്കുന്ന തട്ടിപ്പ് പിടിച്ച് MVD

വാഹനപരിശോധനയ്ക്കിടെ നികുതിയടയ്ക്കുന്നതിലെ തട്ടിപ്പു പിടിച്ച്മോട്ടോര്‍ വാഹന വകുപ്പ്. ഓണ്‍ലൈനില്‍ നികുതിയടച്ചു നല്‍കുന്ന എറണാകുളത്തെ സ്ഥാപനം ഒട്ടേറെപ്പേര്‍ക്ക് വ്യാജ രസീതു നല്‍കി തട്ടിപ്പു നടത്തിയതായി കണ്ടെത്തി.
 

ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ നികുതിയടയ്ക്കുന്നതിലെ തട്ടിപ്പു പിടിച്ച്മോട്ടോര്‍ വാഹന വകുപ്പ്. ഓണ്‍ലൈനില്‍ നികുതിയടച്ചു നല്‍കുന്ന എറണാകുളത്തെ സ്ഥാപനം ഒട്ടേറെപ്പേര്‍ക്ക് വ്യാജ രസീതു നല്‍കി തട്ടിപ്പു നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ആലപ്പുഴ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പോലീസില്‍ പരാതിനല്‍കി.

കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ദേശീയപാത ചേര്‍ത്തല ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് തട്ടിപ്പു ശ്രദ്ധയില്‍പ്പെടുന്നത്. പാചകവാതക സിലിന്‍ഡര്‍ വിതരണം ചെയ്യുന്ന ലോറിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് റോഡ് ടാക്‌സ് അടച്ചതിന്റെ രേഖകള്‍ ചോദിച്ചു.

ലോറി ഡ്രൈവര്‍ കാണിച്ച രസീതു കണ്ട് ഉദ്യോഗസ്ഥര്‍ക്കു സംശയംതോന്നി. എറണാകുളം ഉദയംപേരൂര്‍ ഐ.ഒ.സി. പ്ലാന്റിനു സമീപത്തെ ഒരു സ്ഥാപനത്തിലാണ് ടാക്‌സ് അടച്ചതെന്നും അവരാണ് രസീതു നല്‍കിയതെന്നും ലോറിയുടമ പറഞ്ഞു. എന്നാല്‍, നികുതിയടയ്ക്കാതെ വ്യാജമായി നല്‍കിയ രസീതാണിതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.

ലോറി കസ്റ്റഡിയിലെടുത്തു. ഒട്ടേറെപ്പേര്‍ ഈ കേന്ദ്രത്തില്‍ ടാക്‌സ് അടച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് എം.വി.ഡി. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ആര്‍. രമണന്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. 6,252 രൂപയാണ് ലോറിയുടെ മൂന്നു മാസത്തെ നികുതിയായി അടച്ചിരിക്കുന്നത്.