അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാൻ കേന്ദ്ര നിയമം ഭേദഗതി ചെയ്യണം: എം. വി ജയരാജൻ

: വന്യജീവി ആക്രമണങ്ങളിൽ നിന്നും സ്വയം ആയുധം ഉപയോഗിച്ചു  രക്ഷപ്പെടാൻ മലയോര കർഷകരെ അനുവദിക്കണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു

 

കണ്ണൂർ : വന്യജീവി ആക്രമണങ്ങളിൽ നിന്നും സ്വയം ആയുധം ഉപയോഗിച്ചു  രക്ഷപ്പെടാൻ മലയോര കർഷകരെ അനുവദിക്കണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭയുടെ പാർലമെൻ്റ് മാർച്ചിൻ്റെ ഭാഗമായി കണ്ണോത്തും ചാലിലെജില്ലാ വനം വറ്റുപ്പ് ഓഫിസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കർഷകരെയും ജനങ്ങളെയും അക്രമിക്കാൻ വരുന്ന വന്യജീവികളെ കൊല്ലാൻ നിലവിലെ കേന്ദ്ര സർക്കാർ നിയമപ്രകാരം തിരുവനന്തപുരത്തുള്ള ഫോറസ്റ്റ് കൺസർവേറ്റർ വരണം. അപ്പോഴെക്കും കനത്ത നാശങ്ങൾ വരുത്തി വെച്ചിട്ടുണ്ടാകും. ഇതിൽ മാറ്റം വരുത്തിയാൽ മാത്രമേ കർഷകർക്ക് രക്ഷയുള്ളൂ. അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് അതത് പ്രദേശങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥൻമാർക്ക് അധികാരം നൽകണം. 

ഇതിനായി കേന്ദ്ര നിയമം പൊളിച്ചെഴുതാൻ നടപടി സ്വീകരിക്കണമെന്ന് എം.വി ജയരാജൻ പറഞ്ഞു. രാവിലെ ഒൻപതരയ്ക്ക് കണ്ണൂർ കാൽടെക്സിൽ നിന്നും പ്രതിഷേധ ജാഥ ആരംഭിച്ച് പത്തിന് കണ്ണോത്തുംചാലിലെ ഡി.എഫ്.ഒ ഓഫിസിന് മുൻപിൽ സമാപിച്ചു. തുടർന്ന് വനം വകുപ്പ് ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ നടന്നു. നേതാക്കളായ പി.വി ഗോപിനാഥൻ, എ. അശോകൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.