'പുഷ്പൻ വെടിയുണ്ടകൾക്ക് തോൽപ്പിക്കാൻ കഴിയാത്ത ധീരനായ പോരാളി' ;  അനുശോചിച്ച് എം വി ഗോവിന്ദൻ

ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചന കുറിപ്പിൽ പറഞ്ഞു.

 

കണ്ണൂർ : ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചന കുറിപ്പിൽ പറഞ്ഞു. വെടിയുണ്ടകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് സ. പുഷ്പന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്പന്‍ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനില്‍ക്കും.

കൂത്തുപറമ്പ് വെടിവെപ്പില്‍ ജീവന്‍പൊലിഞ്ഞ അഞ്ച് ധീരസഖാക്കള്‍ക്കൊപ്പമാണ് പുഷ്പനും വെടിയേറ്റത്. വെടിയേറ്റ് കഴുത്തിന് താഴെ തളര്‍ന്നിട്ടും മരണത്തെ തോല്‍പ്പിച്ച പുഷ്പന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു. തന്റെയുള്ളിലെ അടങ്ങാത്ത പോരാട്ടവീര്യമാണ് ദീര്‍ഘമായ ഈ കാലത്തെ അതിജീവിക്കാന്‍ പുഷ്പന് കരുത്ത് നല്‍കിയത്.

സ്‌കൂള്‍കാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍ ചെറിയ പ്രായത്തിലേ കുടുംബത്തിന്റെ ചുമതല സ്വയമേറ്റെടുത്തു. വിവിധ ജോലികള്‍ ചെയ്ത് കുടുംബം പോറ്റുന്നതിനിടയിലും നാട്ടിലെ സമര പരിപാടികളില്‍ സജീവമായി. ബംഗളൂരുവില്‍ ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടില്‍ എത്തിയപ്പോഴായിരുന്നു 1994 നവംബര്‍ 25ന് യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെതിരായ കരിങ്കൊടി പ്രകടനത്തില്‍ പുഷ്പനും അണിചേര്‍ന്നത്.

തന്റെ ഇരുപത്തിനാലാം വയസ്സില്‍ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ പോരാളികള്‍ക്ക് ആവേശമായി. മരുന്നുകള്‍ക്കും വേദനകള്‍ക്കുമിടയിലൂടെ കടന്നുപോകുമ്പോഴും പുഷ്പന്‍ തന്റെയുള്ളിലെ വിപ്ലവാവേശത്തെ കനലൂതിത്തെളിച്ചു കൊണ്ടേയിരുന്നു. അസുഖ ബാധിതനായ ഓരോ തവണയും മരണത്തെ തോല്‍പ്പിച്ച് അത്ഭുതകരമായി തിരിച്ചുവന്നു. വിദ്യാര്‍ഥി, യുവജന സമ്മേളനവേദികളില്‍ നേരിട്ടെത്തിയും കത്തുകളിലൂടെയും പുഷ്പന്‍ തന്റെ സഖാക്കള്‍ക്ക് സമരാഭിവാദ്യമര്‍പ്പിച്ചു.
പുഷ്പനെ കാണാന്‍ എത്രയോവട്ടം മേനപ്രത്തെ വീട്ടിലെത്തിയിട്ടുണ്ട്.

അപ്പോഴെല്ലാം പുഷ്പന്‍ ചോദിച്ചറിഞ്ഞതും പങ്കുവെച്ചതും കേരളത്തിന്റെ രാഷ്ട്രീയവും തന്റെ പാര്‍ട്ടിയെക്കുറിച്ചും സഖാക്കളെക്കുറിച്ചുമുള്ള വിശേഷങ്ങളായിരുന്നു. വീട്ടിനുള്ളിലെ കിടക്കയില്‍ക്കിടന്നും പുഷ്പന്‍ കേരളത്തിന്റെ വളര്‍ച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു.

ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കും. സഹനസൂര്യനായി ജ്വലിച്ച പുഷ്പന്റെ വിയോഗത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വേദനയില്‍ ഒപ്പം ചേരുന്നുവെന്നും എം.വി ഗോവിന്ദൻ അറിയിച്ചു.