നവീൻ ബാബുവിൻ്റെ വീട്ടിലെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിൻ്റെ വീട്ടിലെത്തി. ഇന്ന് 11.30യോടെ വീട്ടിലെത്തിയ അദ്ദേഹം അടച്ചിട്ട മുറിയിൽ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.
Oct 20, 2024, 12:25 IST
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിൻ്റെ വീട്ടിലെത്തി. ഇന്ന് 11.30യോടെ വീട്ടിലെത്തിയ അദ്ദേഹം അടച്ചിട്ട മുറിയിൽ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.
നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എംവി ഗോവിന്ദൻ ഇരിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കൾക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു.
കേസിൽ കുറ്റാരോപിതയായ പി.പി.ദിവ്യയെ പൊലീസ് ഇനിയും ചോദ്യം ചെയ്യാതിരിക്കുന്ന സാഹചര്യത്തിൽ കുടുംബത്തിന് പറയാനുള്ള കാര്യങ്ങൾ കേൾക്കാനും പാർട്ടി പിന്തുണ അറിയിക്കാനുമാണ് എം.വി.ഗോവിന്ദൻ്റെ സന്ദർശനം. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ പാർട്ടി സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ട്.