കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ വീട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു
അഞ്ചുതെങ്ങിൽ കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ വീട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. എട്ട് ദിവസമായിട്ടും തെരച്ചിൽ ഫലപ്രദമായി നടത്താത്തതാണ് കുടുംബത്തെ ദുരിതത്തിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബത്തിന് ആശ്വാസമേകാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയതുപോലെ അർഹമായ ധനസഹായവും ജോലിയും ഉറപ്പാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിലെ അവസ്ഥയും ഇതുതന്നെയാണെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അധികാരികളോടുള്ള അമർഷവും വേദനയും കടിച്ചമർത്തിയാണ് കുടുംബാംഗങ്ങൾ പ്രതികരിക്കുന്നത്. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത് എന്നതാണവരുടെ ആവശ്യമെന്നും മൂന്ന് കുടുംബങ്ങൾക്കും അടിയന്തര ആശ്വാസമെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, കാണാതായ ജോണിന്റെ മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായതിന്റെ വേവലാതിയും വേദനയും പങ്കുവെക്കുന്ന കുടുംബങ്ങളെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.