തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്, വിജയം ജനവിരുദ്ധ നയങ്ങൾക്കുള്ള മറുപടി ; എം.വി. ഗോവിന്ദൻ
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 18 സീറ്റുകൾ നേടിയപ്പോൾ യു.ഡി.എഫിന്റെ സീറ്റ് നില 22-ൽ നിന്ന് 19 ആയി കുറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 18 സീറ്റുകൾ നേടിയപ്പോൾ യു.ഡി.എഫിന്റെ സീറ്റ് നില 22-ൽ നിന്ന് 19 ആയി കുറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് വിജയിച്ച ഇടങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞപ്പോൾ എൽ.ഡി.എഫ് പലയിടത്തും ഭൂരിപക്ഷം ഉയർത്തി. കല്ലറയിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതായും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുമായിട്ടുള്ള രഹസ്യ കൂട്ടുകെട്ടിന്റെ ഭാഗമായാണ് യു.ഡി.എഫ് പലയിടത്തും വിജയം നേടിയതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടുകൾ ലഭിച്ച ബി.ജെ.പിക്ക് ഇത്തവണ അയ്യായിരത്തിലധികം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പരസ്യമായും രഹസ്യമായും ബി.ജെ.പി വോട്ടുകൾ യു.ഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ അഞ്ചെണ്ണവും എൽ.ഡി.എഫ് നേടിയപ്പോൾ യു.ഡിഎഫിന് രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ജനവിരുദ്ധ നയങ്ങളുമായി യു.ഡി.എഫ് സർക്കാർ മുന്നോട്ടുപോവുകയാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കാത്ത സ്പോൺസേർഡ് മുഖ്യമന്ത്രിയും സർക്കാരും ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തെ ഇല്ലാതാക്കി കളയാം എന്ന് കരുതിയവർക്കുള്ള ശക്തമായ മറുപടിയാണ് ഇപ്പോഴത്തെ എൽ.ഡി.എഫ് വിജയം. പല കാര്യങ്ങളും ജനങ്ങളോട് പറയേണ്ടതില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന് ലാഭം ഉണ്ടാകുന്നുണ്ടെന്നും അതിനാൽ സ്പോൺസേർഡ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെ പറയുന്ന ഒരു മുഖ്യമന്ത്രി മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇ.ഡിയെ എതിർക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കെ.സി. വേണുഗോപാലിനെതിരായ സൈബർ അധിക്ഷേപ കേസിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ആ കേസിലെ പ്രതികൾ എന്ന് ചൂണ്ടിക്കാണിച്ചു. കോൺഗ്രസിനുള്ളിൽ ക്രിമിനലുകൾ ഉണ്ടെന്ന് ഇത് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.