തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടി, തിരിച്ചടികളെ അതിജീവിച്ച ചരിത്രം എൽഡിഎഫിനുണ്ട് : എം വി ഗോവിന്ദൻ
തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും തിരുത്തലുകൾ നടത്തി തിരിച്ചടികളെ അതിജീവിച്ച ചരിത്രം എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും തിരുത്തലുകൾ നടത്തി തിരിച്ചടികളെ അതിജീവിച്ച ചരിത്രം എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയവോട്ട് വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം എൽഡിഎഫിന് ലഭിച്ചു. യഥാർത്ഥത്തിൽ 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ബ്ലോക്ക് പഞ്ചായത്ത് നില പരിശോധിച്ചാൽ 59 ബ്ലോക്ക് പഞ്ചായത്തിലായിരുന്നു അന്ന് ജയിച്ചത്. 91 ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ആണ് അന്ന് ജയിച്ചത്. ഇപ്പോൾ എൽഡിഎഫിന് 77 ബ്ലോക്ക് പഞ്ചായത്തുകൾ നേടാനായി.
360 ഗ്രാമപഞ്ചായത്തായിരുന്നു അന്ന് എൽഡിഎഫിന് ലഭിച്ചത് എന്നാലിന്ന് 343 എണ്ണത്തിൽ ജയിക്കുകയും 70 എണ്ണം തുല്യമായി വരികയും ചെയ്തു. അന്ന് മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ എൽഡിഎഫിന് ദയനീയ അവസ്ഥയായിരുന്നു. ഇന്ന് 28 മുനിസിപ്പാലിറ്റികൾ ജയിക്കാനായി. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിന്റെ കുറവിനാണ് ഭരണം നഷ്ടപ്പെട്ടത്. പരാജയത്തെ ഫലപ്രദമായി നേരിട്ട് കൊണ്ടാണ് പിന്നീട് എൽഡിഎഫിന് മുന്നോട്ട് വരാൻ കഴിഞ്ഞത്. എൽഡിഎഫിന്റെ അടിത്തറ തകർന്നിരിക്കുന്നു എന്ന് പലരും പറയുന്നു. അതുകൊണ്ടാണ് 2010ലെ കാര്യം പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.