കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ റോയിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് എം.വി ഗോവിന്ദൻ

ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം ദൗർഭാഗ്യകരമാണെന്നും ഈ കാര്യം അന്വേഷിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

 


കണ്ണൂർ: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം ദൗർഭാഗ്യകരമാണെന്നും ഈ കാര്യം അന്വേഷിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾക്ക് ഏറെ സുപരിചതനായ വ്യവസായിയാണ് റോയ്. അദ്ദേഹത്തിൻ്റെ മരണം റെയ്ഡിൻ്റെ മറവിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പീഡനമാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ തന്നെ ആരോപിച്ചിട്ടുണ്ട്. 

കേന്ദ്ര അന്വേഷണ ഏജൻസികളെ കുറിച്ചു നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. പരിഹരിക്കാൻ കഴിയാവുന്ന പ്രശ്നങ്ങൾ മാത്രമേ റെയ്ഡിനു ശേഷവും ഉണ്ടായിരുന്നുള്ളു റോയി സ്വയം വെടിവെച്ചു മരിച്ചതിനു ശേഷം റെയ്ഡ് ഒന്നര മണിക്കൂർ തുടർന്നു വെന്നാണ് വാർത്തകളിൽ നിന്നും മനസിലാകുന്നതെന്നും എം. വി ഗോവിന്ദൻ പറഞ്ഞു. നേരത്തെയും രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻമാർ ഇതേസമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.