ഇ.ഡി പാർട്ടിയെ ഒരു ചുക്കും ചെയ്യില്ല, കരുവന്നൂർ കുറ്റപത്രത്തിനെതിരെ എം.വി ഗോവിന്ദൻ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതിനുപിന്നാലെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി

 

തളിപ്പറമ്പ് : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതിനുപിന്നാലെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സി.പി.എമ്മിനെ ഒരു ചുക്കും ചെയ്യില്ലെന്ന് തളിപ്പറമ്പിൽ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ മൂന്ന് സിപിഎം നേതാക്കളെയടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. ഇ ഡിയുടേത് ബോധപൂര്‍വമായ ഗൂഢാലോചനയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കുനേരെ ഇല്ലാക്കഥയുണ്ടാക്കി കേസെടുക്കുകയാണെന്നും അതുകൊണ്ടൊന്നും സിപി.എമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും എംവി ഗോവിന്ദന്‍ തുറന്നടിച്ചു.

'ഇ ഡി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എടുത്ത കേസുകളുടെ എണ്ണം 193 ആണ്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകളില്‍ മാത്രമാണ്. തെറ്റായ നിലപാടുകള്‍ സ്വീകരിച്ച ഒരാളെയും സിപിഎം വെറുതെ വിട്ടിട്ടില്ല. എന്നാല്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിചേര്‍ക്കാന്‍ വേണ്ടി പാര്‍ട്ടി നേതാക്കളെ പ്രതിചേര്‍ക്കുകയാണ്. 

ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സിപിഎമ്മിനോ എല്‍ഡിഎഫിനോ ഇതു കൊണ്ടൊന്നും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാകില്ല. ഇ ഡിയുടെ കണ്ടെത്തല്‍ ഇവിടെ ആരും അംഗീകരിക്കുന്നില്ല. ശുദ്ധ അസംബന്ധമാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പ്രത്യാഘാതവും അതുണ്ടാക്കില്ലെന്ന് തളിപറമ്പിൽ മാധ്യമങ്ങളോട് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.