മുട്ടില്‍ മരം മുറി കേസ് ; വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

വയനാട് മേപ്പാടി റേഞ്ചില്‍ നിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികള്‍ വനംവകുപ്പിന്റെ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നതാണ് അമ്പലമേട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ വഞ്ചനാ കേസ്.

 

ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.

വിവാദപരമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.


കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ സമാനമായ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വയനാട്ടിലെ കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന വാദമാണ് ഹൈക്കോടതി നിരസിച്ചത്. തുടര്‍ന്ന് ചോറ്റാനിക്കര കോടതിയില്‍ വിചാരണ പുനരാരംഭിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വയനാട് മേപ്പാടി റേഞ്ചില്‍ നിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികള്‍ വനംവകുപ്പിന്റെ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നതാണ് അമ്പലമേട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ വഞ്ചനാ കേസ്. നിലവില്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് അടിയന്തര ആശ്വാസം തേടുന്നത്.