മുത്തങ്ങ സമരം ; പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. വയനാട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി അയ്യൂബ് ഖാനാണ് വിധി പ്രസ്താവിക്കുക.
സമരത്തിനിടെ വിനോദിനെ പ്രതിഷേധക്കാർ ബന്ദിയാക്കിയതായും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ വിട്ടയക്കൂ എന്ന നിലപാട് സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. വയനാട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി അയ്യൂബ് ഖാനാണ് വിധി പ്രസ്താവിക്കുക.
2003 ഫെബ്രുവരി 19ന് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരത്തിനിടെയാണ് പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ടത്. അന്നത്തെ എ.കെ. ആന്റണി സർക്കാരിന്റെ കാലത്തായിരുന്നു സംഭവം.
സമരത്തിനിടെ വിനോദിനെ പ്രതിഷേധക്കാർ ബന്ദിയാക്കിയതായും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ വിട്ടയക്കൂ എന്ന നിലപാട് സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിനോദിനെ രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കമാണ് പിന്നീട് സംഘർഷത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചത്.വിനോദിന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നതാണ് കേസിലെ പ്രധാന തർക്കവിഷയം.
പ്രതിഷേധക്കാർ കൊലപ്പെടുത്തിയതാണെന്നതാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ സംഭവസമയത്ത് കുടിലുകള്‍ക്കുള്ളില്‍ നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ കൊലപാതകത്തിന് പ്രതികളെ ബന്ധിപ്പിക്കാൻ കഴിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതിചേർത്തു.
ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു. സിബിഐ അന്വേഷിച്ച കേസ് ആദിവാസികളുടെ അഭ്യർത്ഥന അനുസരിച്ചാണ് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. നാല് ഡിവൈഎസ്പി മാർക്ക് ഉൾപ്പെടെ കേസിൽ സാക്ഷികൾ ആയിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കഴുത്തിലെ മുറിവാണ് മരണത്തിനുള്ള പ്രധാനകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പൊലീസിന്റെ തന്നെ ബയനറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്സാക്ഷികൾ ഇല്ല എന്നും ആയിരുന്നു പ്രതിഭാഗം വാദം