കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള ക്ഷണം സ്വീകരിച്ച് മുസ്ലിം ലീഗ് എംഎല്‍എ
തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം സ്വീകരിച്ച് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കുന്നത്. തീരുമാനം യുഡിഎഫുമായി കൂടിയാലോചിച്ചാണെന്ന് അബ്ദുള്‍ ഹമീദ് പറഞ്ഞു.
നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുള്‍ ഹമീദ് . ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടെയാണ് പുതിയ തീരുമാനം.
നിലവില്‍ കേരള ബാങ്കില്‍ മലപ്പുറം ജില്ലയില്‍ നിന്നും പ്രതിനിധിയില്ല. ഇതു കണക്കിലെടുത്തായിരിക്കും മുസ്ലിം ലീഗ് പ്രതിനിധിയെന്ന നിലയില്‍ തന്നെ ബോര്‍ഡ് ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്തത്. രാഷ്ട്രീയ തീരുമാനമില്ലാതെ തന്നെ നോമിനേറ്റ് ചെയ്യില്ലല്ലോ. ഈ തീരുമാനത്തില്‍ പുതുമയില്ലെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.
ലീഗ് എംഎല്‍എയെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ രാഷ്ട്രീയമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സഹകരണ മേഖലയില്‍ ഒന്നിച്ചു പോകണമെന്നാണ് ലീഗ് നിലപാട്. ലീഗിന്റെ പ്രാതിനിധ്യം നേരത്തെയുള്ള സംവിധാനങ്ങളുടെ തുടര്‍ച്ചയാണെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആര്‍ക്കും നിര്‍ദേശം കൊടുത്തിട്ടുമില്ല. അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലുണ്ടായിരുന്ന സ്ഥിതി നിലനിര്‍ത്തിയതാണ് എന്നതാണ്. ഇതില്‍ രാഷ്ട്രീയമായ മാനം കാണുന്നില്ല. സഹകരണ മേഖലയില്‍ യുഡിഎഫും എല്‍ഡിഎഫും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടല്ലോയെന്നും സലാം ചോദിച്ചു.