വെള്ളത്തില്‍ തള്ളിയിട്ട് മുതുകില്‍ പിടിച്ച് കൊലപ്പെടുത്തി, സ്വതന്ത്ര ജീവിതത്തിന് കുട്ടികള്‍ തടസമെന്നു മൊഴി ; കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

 

ആദ്യം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെയെന്ന് അമ്മ നിവേദ്യയുടെ മൊഴി

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുട്ടികളെ അമ്മ നിവേദ്യ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെയെന്ന് അമ്മ നിവേദ്യയുടെ മൊഴി. അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. വെള്ളത്തില്‍ തള്ളിയിട്ട് മുതുകില്‍ പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്വതന്ത്രജീവിതത്തിന് കുട്ടികള്‍ തടസമെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍, കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് അറിയിച്ചു.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നാണ് സംശയം. സംഭവത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യും.

ചൊവ്വാഴ്ച രാവിലെയാണ് മേനോന്‍പാറ മണല്‍കാട് ജോണ്‍ കുമാറിന്റെ മക്കളായ 5 വയസുള്ള ജെന്നിഫര്‍ ജൂലിയേറ്റ്, 3 വയസുള്ള റോബിന്‍ ക്രിസ്റ്റോഫര്‍ എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ള തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചെറിയ ടാങ്ക് ആയതിനാല്‍ അഞ്ച് വയസുകാരി മുങ്ങി മരിക്കാനുള്ള സാധ്യത കുറവായിരുന്നു. നിവേദ്യവും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരം സംശയങ്ങളാണ് അമ്മയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടികളെ വെള്ള തൊട്ടിയില്‍ മുക്കി കൊലപ്പെടുത്തിയെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പ്രതിയുടെ മൊഴി.