പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം ; കേസില്‍ രണ്ടാം പ്രതി ഉമര്‍ മുഫ്തറിന്റെ പെണ്‍സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍ ; തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതായി സംശയം


ഉമര്‍ മുഫ്തറിനെ ചോദ്യം ചെയ്തതിനിടെയാണ് കേസില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

 


അഭിരാമിനെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

 

ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ (17) കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഉമര്‍ മുഫ്തറിന്റെ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ചെന്നുമാണ് പൊലീസിന്റെ സംശയം.


ഉമര്‍ മുഫ്തറിനെ ചോദ്യം ചെയ്തതിനിടെയാണ് കേസില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുവച്ച് സഹായം തേടി ഉമര്‍ മറ്റൊരു സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.


അഭിരാമിനെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും പരുക്കേറ്റതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദനത്തിനു പിന്നാലെ കൈകളും ബെല്‍റ്റും ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ടാണ് ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ എം.ഡി. അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ പൂജപ്പുരയിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. രണ്ടാം പ്രതി ഉമര്‍ മുഫ്തറും മൂന്നാം പ്രതി ആനന്ദയും റിമാന്‍ഡിലാണ്.