ശ്രീകാര്യത്തെ 17 വയസുകാരന്റെ കൊലപാതകം ; ദിവസങ്ങളായി നടന്ന ഗൂഢാലോചന ; രണ്ടുപ്രതികള്‍ക്ക് കൊലയില്‍ നേരിട്ട് പങ്കെന്ന് റിപ്പോര്‍ട്ട്

പൊലീസ് പിടിക്കുകയാണെങ്കില്‍ 17 കാരനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റമേറ്റ് പറയുന്ന തരത്തില്‍ ഇവര്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നാണ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

 

ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ഗൂഢാലോചന നടത്തിയിരുന്നു

ശ്രീകാര്യത്തെ 17 വയസുകാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴക്കൂട്ടം എസിപി മേല്‍നോട്ടം വഹിക്കും.

അഭിരാമിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ഗൂഢാലോചന നടത്തിയിരുന്നു. പൊലീസ് പിടിക്കുകയാണെങ്കില്‍ 17 കാരനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റമേറ്റ് പറയുന്ന തരത്തില്‍ ഇവര്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നാണ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.


നിലവില്‍ മൂന്ന് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്നാം പ്രതിയാണ് 17കാരന്‍. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരന്റെ പെണ്‍സുഹൃത്തായ ആനന്ദയുമാണ്. ആനന്ദയുടെ ഫോണില്‍ നിന്നാണ് 17കാരന്‍ അഭിരാമിനെ വിളിച്ചുവരുത്തിയത്. 17കാരന്റെ മുന്‍കാമുകിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതില്‍ അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് അഭിരാമിനെ ഇവര്‍ വിളിച്ചു വരുത്തിയത്. എന്നാല്‍ ഇവിടെ വെച്ചുണ്ടായ തര്‍ക്കത്തില്‍ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്. പ്രതികളില്‍ ഒരാള്‍ കൈ കൊണ്ടും മറ്റൊരാള്‍ ബെല്‍റ്റ് ഉപയോഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ദിവസങ്ങളോളം നീണ്ട ഗൂഢാലോചന പ്രതികളുടെ ഭാ?ഗത്ത് നിന്നുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ തന്നെയാണ് പ്രതികള്‍ അഭിരാമിന് മെസേജ് അയച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പെണ്‍കുട്ടിയെന്ന വ്യാജേനയാണ് മെസേജ് അയച്ചുകൊണ്ടിരുന്നത്. ഇത്തരത്തില്‍ മൂന്നാം പ്രതിയായ ആനന്ദിയുടെ പൂര്‍ണ അറിവോടും സമ്മതത്തോടും കൂടിയാണ് കുറ്റകൃത്യം നടന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ടാം പ്രതിയായ ഉമര്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്. കാപ്പാ കേസില്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. ഒന്നാംപ്രതിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.