പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനം ; വിനോദസഞ്ചാരികൾക്കായി രണ്ടാമത്തെ ഡബിൾ ഡെക്കർ ബസും എത്തി
മൂന്നാർ: പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി. വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ.
കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസ് മൂന്നാർ ഡിപ്പോയിലെത്തിച്ചു. നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ ബസാണ് ഇതും.
ദിവസേന മൂന്ന് സർവീസുകളാണ് നടത്തുന്നത്. രാവിലെ 8.00, 11.30, വൈകീട്ട് 3.00 എന്നിങ്ങനെയാണ് സമയക്രമം. മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരികെ ഡിപ്പോയിലെത്തും.
രണ്ടു ബസുകളും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്. താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റുകളുടെ ക്രമീകരണം. പുറംകാഴ്ചകൾ പൂർണമായി കാണാവുന്ന രീതിയിൽ മൂന്നാറിനായി പ്രത്യേകം രൂപകൽപ്പനചെയ്ത ബസുകളാണിവ. ടിക്കറ്റുകൾ ഓൺലൈനായി ബുക്കുചെയ്യാം.
ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ കെഎസ്ആർടിസിയുടെ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങിയത്. മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത പദ്ധതി വൻ വിജയമായി മാറിയിരുന്നു. ഒൻപത് മാസത്തിനകം കെഎസ്ആർടിസിക്ക് ഒരു കോടിയിലധികം രൂപ വരുമാനം നേടാനായി. രാവിലെ 9.00, ഉച്ചയ്ക്ക് 12.30, വൈകീട്ട് 4.00 എന്നീ സമയങ്ങളിലാണ് നിലവിലെ ബസ് സർവീസ് നടത്തുന്നത്.