മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ്

ഇത്തരം വേദനാജനകമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് ' മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

 

അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.

തൃശൂര്‍ മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തില്‍ വിലപ്പെട്ട നിരവധി ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.


ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നിറവില്‍ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണെന്നു മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അനുസ്മരിച്ചു. 'നമ്മുടെ സന്തോഷങ്ങള്‍ കണ്ണുനീരില്‍ അവസാനിക്കുന്ന ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം വേദനാജനകമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് ' മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനും അവര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും സുമനസ്സുകളായ എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു. മരണമടഞ്ഞവരുടെ നിത്യശാന്തിക്കായും ദുഃഖാര്‍ത്തരായ കുടുംബങ്ങളുടെ ആത്മധൈര്യത്തിനായും സഭയുടെ പ്രാര്‍ത്ഥനകള്‍ ഉറപ്പുനല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.