മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാല് പേരുടെ നില ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.അപകടത്തെത്തുടർന്ന് കാണാതായ നാല് പേരെ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

 

തിരുവമ്പാടിക്കായി പടക്കസാമഗ്രികള്‍ നിർമിക്കുകയായിരുന്ന നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.അപകടത്തെത്തുടർന്ന് കാണാതായ നാല് പേരെ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.

വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന സൂചന. അപകടത്തില്‍ പരിക്കേറ്റവരില്‍ സതീശൻ ഉള്‍പ്പെടെ നാല് പേർ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. അതേസമയം, പരിക്കേറ്റ മറ്റ് ആറ് പേർ ഇന്ന് ആശുപത്രി വിട്ടേക്കും.തിരുവമ്പാടിക്കായി പടക്കസാമഗ്രികള്‍ നിർമിക്കുകയായിരുന്ന നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  അതേസമയം  ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷാ കർശനമാക്കുന്നതിന്റെ ഭാഗമായും വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായി പൂരം നടത്താനാണ് ധാരണയായിരിക്കുന്നത്.

പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായ കുടമാറ്റത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ പോലെ വലിയ തോതിലുള്ള കുടമാറ്റത്തിന് പകരം പ്രൗഢി കുറച്ച് ചെറിയ രീതിയിൽ മാത്രമായിരിക്കും ഇത്തവണ കുടമാറ്റം നടക്കുക. വെടിക്കെട്ട് ഒഴിവാക്കിക്കൊണ്ട് ആചാരപരമായ ആഘോഷങ്ങൾ മുടങ്ങാതെ കൊണ്ടുപോകാനാണ് ദേവസ്വങ്ങളും ഭരണകൂടവും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.

.