മുനമ്പം ഭൂമി തർക്കം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ കേരള വഖഫ് ബോർഡ്
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ബോർഡ് ആരോപിച്ചു.
ന്യൂഡൽഹി: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ കേരള വഖഫ് ബോർഡ് രംഗത്ത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ബോർഡ് ആരോപിച്ചു. മുനമ്പം വിഷയത്തിൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് സംസ്ഥാന സർക്കാർ നടപടിയെ കേരള വഖഫ് ബോർഡ് വിമർശിച്ചിരിക്കുന്നത്.
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോയെന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രൈബ്യൂണൽ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഎം നേതാവും, പിഎസ് സി മുൻ ചെയർമാനുമായ എം.കെ. സക്കീർ ചെയർമാനായ സംസ്ഥാന വഖഫ് ബോർഡ് ആണ് മുനമ്പം വിഷയത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ അന്വേഷണത്തെ സുപ്രീംകോടതിയിൽ എതിർക്കുന്നത്. വഖഫ് ആക്‌ടിന്‍റെ 83(1)പ്രകാരം തർക്കമുള്ള വഖഫ് ഭൂമികളിൽ അന്തിമ തീർപ്പ് എടുക്കേണ്ടത് വഖഫ് ട്രൈബ്യൂണൽ ആണ്. കോടതികൾക്കോ, ജുഡീഷ്യൽ കമ്മീഷനോ അതിന് അധികാരമില്ലെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വഖഫ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.