കോടികളുടെ തിരിമറി ; ബിഎൽഎം സൊസൈറ്റിയുടെ 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി
ബിഎൽഎം സൊസൈറ്റിയുടെ 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി. ബിഎൽഎം സൊസൈറ്റിയുടെ പണം വകമാറ്റിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നടപടി
റോൾസ് റോയ്സ്, പോർഷെ അടക്കം ഏഴ് കോടി മൂല്യം വരുന്ന എട്ട് ആഡംബര കാറുകളും, 9.6 കോടി മൂല്യം വരുന്ന 7400 ഗ്രാം സ്വർണവും ഇഡി കണ്ടുകെട്ടി
കൊച്ചി: ബിഎൽഎം സൊസൈറ്റിയുടെ 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി. ബിഎൽഎം സൊസൈറ്റിയുടെ പണം വകമാറ്റിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നടപടി. കേസിൽ ആ.കെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ നിക്ഷേപകരുടെ പണം സ്വന്തം പേരിലേയ്ക്കും കുടുംബാംഗങ്ങളുടെ പേരിലേയ്ക്കും വകമാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഇതിന്റെ ഭാഗമായി റോൾസ് റോയ്സ്, പോർഷെ അടക്കം ഏഴ് കോടി മൂല്യം വരുന്ന എട്ട് ആഡംബര കാറുകളും, 9.6 കോടി മൂല്യം വരുന്ന 7400 ഗ്രാം സ്വർണവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ 1.86 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും മരവിപ്പിച്ചതായി ഇഡിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച കോടിക്കണക്കിന് രൂപ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പ്രേംകുമാറിനെതിരായ പ്രധാന ആരോപണം. ഇടുക്കി സ്വദേശിനിയുടെ പരാതിയില്‍ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് ചെയർമാൻ ആർ. പ്രേംകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ചെന്നൈയിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും ബിഎൽഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും നിക്ഷേപകർക്ക് തന്നെ നന്നായി അറിയാമെന്നുമായിരുന്നു അന്ന് പ്രേംകുമാറിന്റെ പ്രതികരണം.