മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം ; അറ്റകുറ്റപ്പണി നടത്താനുളള ശ്രമം കേരളം തടയുന്നുവെന്ന് തമിഴ്‌നാട്

കേരളം ഒരുവഴിക്ക് സുരക്ഷാവാദം ഉയര്‍ത്തുന്നു. മറുവഴിക്ക് വാര്‍ഷിക അറ്റകുറ്റപ്പണി പോലും തടയുന്നു

 

മുല്ലപ്പെരിയാര്‍ ഡാം ശക്തിപ്പെടുത്താനാവുന്നില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്നാട് പറയുന്നു.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി തമിഴ്നാട് സുപ്രീംകോടതിയില്‍. ഡാം അറ്റകുറ്റപ്പണി നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്നും അറ്റകുറ്റപ്പണി നടത്താനുളള ശ്രമം കേരളം നിരന്തരം തടയുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം ശക്തിപ്പെടുത്താനാവുന്നില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്നാട് പറയുന്നു.

കേരളം ഒരുവഴിക്ക് സുരക്ഷാവാദം ഉയര്‍ത്തുന്നു. മറുവഴിക്ക് വാര്‍ഷിക അറ്റകുറ്റപ്പണി പോലും തടയുന്നു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ്. അറ്റകുറ്റപ്പണി നടത്തി ഡാം ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനാകും.'- മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്നാട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഏപ്രില്‍ 6-ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. മേല്‍നോട്ട സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് കേരള, തമിഴ്നാട് സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇരു സര്‍ക്കാരുകള്‍ക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രണ്ടാഴ്ച്ചയ്ക്കുളളില്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉന്നതാധികാര സമിതി മുന്നോട്ടുവെച്ചിട്ടുളള ശുപാര്‍ശകളുമായി മുന്നോട്ടുപോകാനാണ് കോടതി നിര്‍ദേശിച്ചത്.