കേസിൽ പ്രതി ചേർത്തത് കൊണ്ട് മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല, സിദ്ദീഖ് അറസ്റ്റിന് വിധേയനാകണം  : വനിത കമീഷൻ അധ്യക്ഷ

കേസിൽ പ്രതി ചേർത്തത് കൊണ്ട് മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും എന്നാൽ, ഇത് ധാർമിക പ്രശ്നമാണെന്നും സതീദേവി വ്യക്തമാക്കി.

 

തിരുവനന്തപുരം : കേസിൽ പ്രതി ചേർത്തത് കൊണ്ട് മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും എന്നാൽ, ഇത് ധാർമിക പ്രശ്നമാണെന്നും സതീദേവി വ്യക്തമാക്കി. ലൈംഗികാതിക്രമ കേസിൽ നടനും ഇടത് എം.എൽ.എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അധ്യക്ഷ.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ നടൻ സിദ്ദീഖ് അറസ്റ്റിന് വിധേയനാകണം. സിദ്ദീഖിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഡബ്ല്യു.സി.സി രൂപീകരിച്ചത്. ഡബ്ല്യു.സി.സി സമീപിച്ച സാഹചര്യത്തിലാണ് വനിത കമീഷൻ വിഷയത്തിൽ ഇടപെട്ടത്. ഒരു തൊഴിലിടം എന്ന നിലയിൽ സിനിമ മേഖലയിൽ പരാതി പരിഹാര സംവിധാനം രൂപീകരിക്കുന്നതിന് വനിത കമീഷൻ ഇടപെട്ടിട്ടുണ്ടെന്നും പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.