മലപ്പുറത്ത് കുളത്തില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ച നിലയില്‍

പറപ്പൂരിലെ കുളത്തില്‍ അമ്മയെയും രണ്ടു മക്കളെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീണാലുങ്ങല്‍ സ്വദേശി സൈനബ (40), മക്കളായ ആഷിഖ് (22), ഫാത്തിമ ഫർസീല (16), എന്നിവരാണ് മരിച്ചത്

 

അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ മറ്റു രണ്ടുപേരും കൂടി മുങ്ങിപ്പോയതാകാമെന്ന് പ്രാഥമിക നിഗമനം.

മലപ്പുറം: പറപ്പൂരിലെ കുളത്തില്‍ അമ്മയെയും രണ്ടു മക്കളെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീണാലുങ്ങല്‍ സ്വദേശി സൈനബ (40), മക്കളായ ആഷിഖ് (22), ഫാത്തിമ ഫർസീല (16), എന്നിവരാണ് മരിച്ചത്.കഴി‍ഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലോടെ വീടിനു സമീപത്തെ പാടത്തുള്ള കുളത്തില്‍ വസ്ത്രം അലക്കാനും കുളിക്കാനുമായി പോയതായിരുന്നു ഇവർ എന്നാണ് വിവരം.

അതേസമയം അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ മറ്റു രണ്ടുപേരും കൂടി മുങ്ങിപ്പോയതാകാമെന്ന് പ്രാഥമിക നിഗമനം. വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫർസീലയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുളത്തിനു സമീപം മൂന്നു ജോടി ചെരുപ്പും അലക്കാൻ കൊണ്ടുവന്ന വസ്ത്രങ്ങളും കണ്ടെത്തിയത്.

ഈ സമയം ഇവിടെയെത്തിയ സൈനബയുടെ മറ്റൊരു മകനാണ് ഉമ്മയും ചേട്ടനും സഹോദരിക്കൊപ്പം ഉണ്ടായിരുന്നുവെന്ന വിവരം നാട്ടുകാരോടു പറഞ്ഞത്. തുടർന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് സൈനബയുടെയും മകൻ ആഷിഖിന്റെയും മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പറപ്പൂരിലേക്ക് താമസം മാറിയവരാണ് സൈനബയും കുടുംബവും. ഇവിടെ പൗരസമിതി നല്‍കിയ വീട്ടിലാണ് ഇവർ താമസിച്ചുവന്നത്. ആഷിഖിനെയും ഫർസീലയെയും കൂടാതെ ഒരു മകനാണ് സൈനബയ്ക്ക് ഉള്ളത്.