തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസ് ; പ്രതി സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ മുഖ്യപ്രതി സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. അനീഷ് ആരംഭിച്ച പ്രീമിയം ഗ്രൂപ്പിന്റെയടക്കം കൂടുതൽ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു.
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ മുഖ്യപ്രതി സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. അനീഷ് ആരംഭിച്ച പ്രീമിയം ഗ്രൂപ്പിന്റെയടക്കം കൂടുതൽ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു. ഗ്രൂപ്പ് അഡ്മിൻമാർ, അംഗങ്ങൾ എന്നിവരെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പണത്തിനായി മോർഫ് ചെയ്ത ചിത്രങ്ങൾ സനീഷ് പങ്കുവെച്ചെന്ന് പറയപ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ ആരെന്നതിൽ അടക്കം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് ടെലഗ്രാമിനെ സമീപിച്ചത്.
ടെലഗ്രാം ഗ്രൂപ്പിൽ നിന്നും ഒരു ജാർഖണ്ഡ് നമ്പറും ലഭിച്ചിട്ടുണ്ട്. മലയാളികൾ ജാർഖണ്ഡിൽ നിന്നും സംഘടിപ്പിച്ച നമ്പരാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ തേടി വീണ്ടും പൊലീസ് ടെലഗ്രാമിന് കത്ത് നൽകിയിട്ടുണ്ട്. 4 ടെലഗ്രാം ഗ്രൂപ്പുകളിൽ പൊലീസ് നിർണായകമായ അന്വേഷണം നടത്തുന്നുണ്ട്. വിശദമായ പരിശോധനക്ക് ശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യും.
ആലപ്പുഴ സ്വദേശിയായ അനീഷിനെ കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ പ്രതികളിലെത്താനും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയും. പോക്സോ കേസ് അടക്കം സനീഷിനെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സനീഷിന്റെയും ശ്രീഹരിയുടെയും ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയുടെ പരിശോധനാ ഫലവും പുറത്തുവരാനുണ്ട്. ഇത് അന്വേഷണത്തിൽ നിർണായകമാകുമെന്നും അന്വേഷണ സംഘം പറയുന്നു. കേരളത്തിലെ മറ്റ് കോളേജുകളിൽ നടന്ന മോർഫിങ് കേസുകളുമായി തൃക്കാക്കര സംഭവത്തെ ബന്ധിപ്പിക്കുന്ന കണ്ണികൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.