നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു
അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ 136ഓളം പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം
നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള 20 ഓളം പേരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.
അപകടത്തില്‍ 136ഓളം പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഇതില്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാള്‍ക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലേക്കും മിംസ് ആശുപത്രിയിലേക്ക് പൊള്ളലേറ്റ കൂടുതല്‍ പേരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പൊള്ളലേറ്റ വരെ പ്രവേശിച്ചിരിക്കുന്നത്.