കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്, അധികാരത്തിന്റെ തണലിൽ എന്തുമാകാം എന്നതിന്റെ പാഠം ; മാത്യു കുഴൽനാടൻ

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഈ വിഷയത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും, നിയമപരമായി പോകാവുന്ന അത്രയും ദൂരത്തിലേക്ക് ഈ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഈ വിഷയത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും, നിയമപരമായി പോകാവുന്ന അത്രയും ദൂരത്തിലേക്ക് ഈ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന്റെ തണലിൽ എന്ത് നിയമവിരുദ്ധ കാര്യങ്ങളും ചെയ്യാമെന്ന് കരുതുന്നവർക്കുള്ള ശക്തമായ പാഠമായിരിക്കും ഇതെന്നും സർക്കാർ അടിയന്തരമായി കേസെടുക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ വിജയന്റെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർത്തയുടെ ഡയറിയിൽ കോൺഗ്രസ് നേതാക്കളുടെ പേരുകൾ ഉണ്ടെന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം ഭയങ്ങളുണ്ടായിരുന്നെങ്കിൽ താൻ ഈ വഴിക്ക് ഇറങ്ങില്ലായിരുന്നുവെന്നായിരുന്നു മാത്യു കുഴൽനാടന്റെ മറുപടി.

ഈ വിവരങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് താൻ ഈ പോരാട്ടത്തിന് ഇറങ്ങിയതെന്നും, യു.ഡി.എഫിന് ഇക്കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെയാകെ നടുക്കുന്ന നിരവധി വിവരങ്ങൾ ഇനി പുറത്തുവരാനുണ്ട്. ഇത്രയധികം തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതിൽ കേസെടുക്കാതിരിക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.