മാസപ്പടി കേസ് ; സി.എം.ആർ.എൽ നൽകിയ ഹരജിയിൽ ഹൈകോടതി വിധി ഇന്ന്
കൊച്ചി : കരിമണൽ ഖനന കമ്പനിയായ സി.എം.ആർ.എൽ മാസപ്പടി കേസിൽ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹരജിയിലാണ് കോടതി വിധി പറയുന്നത്. ജൂൺ ഒന്നിന് കേസ് പരിഗണിച്ച ശേഷമാണ് വിധി പറച്ചിൽ ഇന്നത്തേക്ക് (വെള്ളി) മാറ്റിയത്.
അതേസമയം, മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ലായെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ മുഴുവൻ വിവരങ്ങളും കേട്ട ശേഷം വാദം മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കേണ്ടതില്ലയെന്നും, രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ ഇനി വൈകിപ്പിക്കേണ്ട ആവശ്യമില്ലായെന്നും കോടതി പറഞ്ഞു.
എന്നാൽ, കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്ക് വെള്ളിയാഴ്ച വരെ ഇ.ഡി സമൻസ് അയക്കില്ലയെന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച വിധി പറയുന്നതുവരെ കേസിലെ കക്ഷികൾക്കെതിരെ അറസ്റ്റ് നടപടി ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇതിനിടെ, കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇ.ഡി മേധാവി രാഹുൽ നവീൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. രാഹുൽ നവീന്റെ നേതൃത്വത്തിൽ രാവിലെ 10ന് കൊച്ചിയിൽ വെച്ച് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേരും. തുടർന്ന് വീണ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള തുടർനടപടികളെ കുറിച്ച് ഇന്ന് തീരുമാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ സമർപ്പിച്ച ഹരജി പൂർണമായും തള്ളിയ കോടതി 2026 മേയ് 26ന് കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കർശനമായി ഉത്തരവിട്ടിരുന്നു. തുടർന്ന്, മേയ് 27ന് രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.
സംഭവത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മകളെയും വേട്ടയാടുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം അക്രമത്തിലേക്കെത്തുകയും ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർക്കുകയും ചെയ്തിട്ടുണ്ട്. വാഹനം തകർത്ത പ്രതികളെ പൊലീസ് അറസ്റ്റ് വഹിയ്‌തു. അതേസമയം, ഭരണമാറ്റം ഉണ്ടായ സമയത്ത് വി.ഡി-ഇ.ഡി-മോദി എന്നൊരു കൂട്ടുകെട്ട് കേരളത്തിൽ ഉണ്ടായെന്ന് സി.പി.എം ആരോപിക്കുന്നുണ്ട്.