ഭാവിയിൽ പ്രശ്നങ്ങളില്ലാതിരിക്കാൻ ദർഷിത പൂജാരിക്ക് രണ്ടുലക്ഷം രൂപ നൽകി; കല്യാട്ടെവീട്ടിൽ നിന്നും മരുമകൾ അപഹരിച്ച പണം കണ്ടെടുത്തു
ഇരിക്കൂർ: ഡിറ്റനേറ്റർ പൊട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലിസ് അന്വേഷണത്തിൽ പുറത്തുവന്നു. ഇരിക്കൂർ കല്യാട്ടെ പ്രവാസി യുവാവ് സുഭാഷിൻ്റെ ഭാര്യയായ കൊല്ലപ്പെട്ട ദർഷിത (22) സ്വന്തം വീടിന് സമീപത്തെ പൂജാരിക്ക് രണ്ടുലക്ഷം രൂപ നൽകിയതായി അന്വേഷണസംഘം കണ്ടെത്തി. കർണാടക ഹുൻസൂരിലെ ജനാർദ്ദന പൂജാരിയുടെ വീട്ടിൽ നിന്ന് ഈ പണം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ഭാവിയിൽ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കാൻ വീട്ടിൽ പൂജ നടത്താനാണ് രണ്ടുലക്ഷം രൂപ പൂജാരിക്ക് നൽകിയതെന്ന് പൊലീസ് പറഞ്ഞു.
രണ്ടരവയസ്സുള്ള മകൾക്കൊപ്പമാണ് ദർഷിത ഹുൻസൂരിലെ സ്വന്തം വീട്ടിലേക്ക് പോയത്. അന്നുതന്നെ കല്യാട്ടെ വീട്ടിൽനിന്ന് 30 പവനും നാലുലക്ഷം രൂപയും മോഷണം പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലെത്തിയ ദർശിത ശനിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി ജനാർദനയെ കണ്ട് രണ്ടുലക്ഷം രൂപ ഏൽപ്പിച്ചത്. യുവതിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് അന്വേഷണ സംഘത്തോട് ജനാർദന പൂജാരി സമ്മതിച്ചിട്ടുണ്ട്. കവർച്ചയും കൊലപാതകവുമായി ജനാർദനയ്ക്ക് ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ വെളളിയാഴ്ച്ച ഇരിക്കൂർ കല്യാട്ടെ ദർശിതയുടെ ഭർത്താവിൻ്റെ വീട്ടിൽ നിന്നു 30 പവൻ സ്വർണവും നാലുലക്ഷം പണവും മോഷണം പോയിരുന്നു. അന്നേ ദിവസം ദർശിത മകളുമൊത്ത് തന്റെ കർണാടകയിലുളള വീട്ടിലേക്ക് പോയതായിരുന്നു. സ്വർണം നഷ്ടമായ വിവരം അറിഞ്ഞതിനു പിന്നാലെ പൊലീസ് ദർഷിതയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ദർഷിത മകളെ വീട്ടിലാക്കി കർണാടക സ്വദേശിക്കൊപ്പം പോയി എന്ന വിവരം പൊലീസിന് പിന്നീട് ലഭിച്ചു. അതിനുപിന്നാലെയാണ് യുവതിയെ ലോഡ്‌ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖം വികൃതമായ നിലയിലായിരുന്നു. മുറിയിൽ രക്തം തളംകെട്ടി കിടക്കുകയായിരുന്നു.
എന്നാൽ കല്യാട്ടെ സുമതിയുടെ വീട്ടിൽ നിന്നും മോഷണം പോയ 30 പവനെ കുറിച്ചു ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ദർഷിതയുടെ ആൺ സുഹൃത്തായ സിദ്ധരാജു (29) വിനെ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവെങ്കിലും അതിൽ പണമൊന്നും ലഭിച്ചിട്ടില്ല.