'സഖാവേ മൊയ്ല്യാര് മനുഷ്യർക്കൊപ്പം തന്നെയാ.. പക്ഷേ മനുഷ്യക്കടത്തു കൂടി ഉണ്ടോന്ന് അന്വേഷിക്കണേ' ; കാന്തപുരത്തെ വീണ്ടും അധിക്ഷേപിച്ച് ശശികല
കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ തുടർന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. കാന്തപുരത്തെയും അദ്ദേഹം നേതൃത്വം നൽകിയ കേരളയാത്രയേയും പ്രകീർത്തിച്ച് മന്ത്രി പി.രാജീവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ശശികലയുടെ അധിക്ഷേപം.
'സഖാവേ മൊയ്ല്യാര് മനുഷ്യർക്കൊപ്പം തന്നെയാ.. പക്ഷേ മനുഷ്യക്കടത്തു കൂടി ഉണ്ടോന്ന് അന്വേഷിക്കണേ'- എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി എന്ന വാർത്തയുടെ പോസ്റ്ററും കൂടെ പങ്കുവെച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് 23 കുട്ടികളുമായി രണ്ടുപേർ പാലക്കാട് ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. കുട്ടികളുടെ രേഖകൾ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി കൈമാറി. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശികളായ 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾ കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടുമാസത്തെ കോഴ്സിനായാണ് എത്തിയെതെന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞിരുന്നു. ഈ വാർത്ത ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന് മനുഷ്യക്കടത്ത് ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ശശികല ആവശ്യപ്പെടുന്നത്.