മോദിജീ... സത്യത്തിൽ പെട്രോളിൽ എഥനോളിന്റെ അളവ് എത്രയാണ്?  : രാഹുൽ ഗാന്ധി 

  കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിന്റെ മറവിൽ രാജ്യത്തെ ജനങ്ങളുടെ വാഹനങ്ങളിൽ എഥനോൾ തട്ടിപ്പ് നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാർ നടത്തുന്ന ലാബ് പരിശോധനാ ഫലങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിനെയും എണ്ണക്കമ്പനികളെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചത്.

 

 ബംഗളൂരു: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിന്റെ മറവിൽ രാജ്യത്തെ ജനങ്ങളുടെ വാഹനങ്ങളിൽ എഥനോൾ തട്ടിപ്പ് നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാർ നടത്തുന്ന ലാബ് പരിശോധനാ ഫലങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിനെയും എണ്ണക്കമ്പനികളെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചത്.

ഇ20 എന്നാൽ 20% എഥനോളും 80% പെട്രോളും അടങ്ങിയ മിശ്രിതമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ ചേർത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

കർണാടകയിലെ ലാബ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കർണാടക സർക്കാർ ഏഴ് ജില്ലകളിൽ നിന്നായി ശേഖരിച്ച 63 പെട്രോൾ സാമ്പിളുകൾ സ്വതന്ത്ര സർട്ടിഫൈഡ് ലാബായ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ബംഗളൂരു) ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിൽ 14 പ്രധാന സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോൾ അളവ് 20 ശതമാനത്തിന് മുകളിലാണ്.

ഐ.ഒ.സി.എൽ (IOCL) സാമ്പിളിൽ 31.2 ശതമാനവും എച്ച്.പി.സി.എൽ (HPCL) സാമ്പിളിൽ 30.5 ശതമാനവും എഥനോൾ അംശം കണ്ടെത്തി. ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ കമ്പനികൾക്ക് പുറമെ നയാര (Nayara), ഷെൽ (Shell) തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഇന്ധനത്തിലും 20 ശതമാനത്തിലധികം എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, എണ്ണക്കമ്പനികൾ സ്വന്തമായി നടത്തുന്ന പരിശോധനകളിൽ പെട്രോളിലെ എഥനോൾ അളവ് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ഗുരുതരമായ വിവരവും പുറത്തുവന്നു.

വിലകൂടിയ പെട്രോളിന് പണം നൽകുമ്പോൾ ടാങ്കിൽ നിറയുന്നത് വിലകുറഞ്ഞ എഥനോളാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ്ജ സാന്ദ്രത കുറവായതിനാൽ ഇന്ധനക്ഷമത (Mileage) ഗണ്യമായി കുറയാൻ കാരണമാകുന്നുണ്ട്. കൂടാതെ, രാജ്യത്തെ ഭൂരിഭാഗം പഴയ വാഹനങ്ങളും (E10 അല്ലെങ്കിൽ നോൺ-E20 എൻജിനുകൾ) ഉയർന്ന അളവിലുള്ള എഥനോൾ താങ്ങാൻ ശേഷിയുള്ളവയല്ല. ഇത് എൻജിൻ തുരുമ്പെടുക്കുന്നതിനും എൻജിൻ പണിയെടുപ്പിക്കുന്നതിനും കാരണമാകുന്നു.

പമ്പുകളിൽ ഏത് തരം ഇന്ധനമാണ് അല്ലെങ്കിൽ എത്ര ശതമാനം എഥനോളാണ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ബോർഡുകളോ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് അനുയോജ്യമായ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവസരമോ ഇല്ലായെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. 'വിലകൂടിയ പെട്രോളിന് പണം നൽകി എഥനോൾ അടിക്കേണ്ടി വരുന്ന ഈ 'E20 തട്ടിപ്പ്' വഴി യഥാർത്ഥത്തിൽ ആർക്കാണ് ലാഭം? രാജ്യത്തെ വാഹനങ്ങളുടെ എൻജിൻ നശിപ്പിച്ച് ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഈ നയത്തിനെതിരെ മോദിജി മറുപടി പറയണം.' - രാഹുൽ ഗാന്ധി

ഇന്ത്യയിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെലവ് കുറക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമായി 2023ലാണ് കേന്ദ്ര സർക്കാർ ഇ20 പെട്രോൾ പദ്ധതി രാജ്യവ്യാപകമായി വേഗത്തിലാക്കിയത്. എന്നാൽ ഈ പദ്ധതി തുടക്കം മുതൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. രാജ്യത്തെ 30 കോടിയോളം പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിൻ കേടുപാടുകൾക്ക് കാരണമാകുന്നുവെന്ന് വാഹന ഉടമകളും വിദഗ്ധരും ആരോപിച്ചിരുന്നു. എന്നാൽ ഇതിനെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും വാഹന നിർമ്മാതാക്കളും ശക്തമായി എതിർക്കുകയും E20 സുരക്ഷിതമാണെന്ന് അവകാശപ്പെടുകയും ചെയ്തു.

അസംസ്കൃത എണ്ണ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാനും പ്രാദേശിക കർഷകർക്ക് വരുമാനം ഉറപ്പാക്കാനുമാണ് എഥനോൾ ബ്ലെൻഡിങ് നടത്തുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. വിപണിയിൽ എഥനോളിന് ലിറ്ററിന് 60-65 രൂപ നിരക്കിലാണുള്ളത്. എന്നാൽ 100 രൂപക്ക് മുകളിൽ വിൽക്കുന്ന പെട്രോളിൽ 30 ശതമാനത്തോളം എഥനോൾ കലർത്തുമ്പോൾ അതിന്റെ ലാഭം ഉപഭോക്താവിന് കൈമാറുന്നില്ലെന്നതാണ് പ്രധാന പ്രതിപക്ഷ ആരോപണം.