അനധികൃത വാഹന രൂപമാറ്റം ; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കും. അനധികൃതമായി കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഉടമകൾ തന്നെ നീക്കം ചെയ്യണം. ഇത് നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നിൽ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഗതാഗത കമ്മീഷണറാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കും. അനധികൃതമായി കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഉടമകൾ തന്നെ നീക്കം ചെയ്യണം. ഇത് നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നിൽ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഗതാഗത കമ്മീഷണറാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
റീൽസുകൾക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണറുടെ നിർദ്ദേശത്തിലുണ്ട്. മൂന്ന് മാസത്തിനിടെ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ശേഖരിക്കും. റിപ്പോർട്ട് സെപ്റ്റംബർ മൂന്നിനകം സമർപ്പിക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണർ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഒരു വാഹനത്തിൽ നടത്തുന്ന അനധികൃത രൂപമാറ്റങ്ങളിൽ ഓരോന്നിനും അയ്യായിരം രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. വിവിധ നിറത്തിലുള്ള എൽഇഡി ഉൾപ്പെടെ തീവ്രപ്രകാശമുള്ള ലൈറ്റുകൾ, റെഡ്-ബ്ലൂ സ്‌ട്രോബ് ലൈറ്റുകൾ, അധികൃത സൈറൺ, വീൽ സ്‌പേസറുകൾ അടക്കം ഘടിപ്പിക്കുന്നതിൽ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മിന്നൽ പ്രളയത്തെ തുടർന്ന് അടൂരിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിൽ ആറ് മോഡിഫിക്കേഷൻ ഉണ്ടായിട്ടും 5,000 രൂപ മാത്രമാണ് പിഴ ചുമത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.