ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കും; കെ സി  വേണുഗോപാൽ എം.പി.

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. പതനത്തിലേക്ക് നീങ്ങുന്ന നായകന്റെ അവസ്ഥയിലാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പ്രതിഷേധം കണ്ട് മോദി ഭയന്നിരിക്കുകയാണ്

 

ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. പതനത്തിലേക്ക് നീങ്ങുന്ന നായകന്റെ അവസ്ഥയിലാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പ്രതിഷേധം കണ്ട് മോദി ഭയന്നിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സമരക്കാരെ നേരിടാൻ മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യാ സഖ്യം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദർശിച്ച് വിഷയത്തിലുള്ള ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച ഡൽഹിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയും സംവിധാനവും കുറ്റമറ്റതാകുന്നതുവരെ കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിലപാടിനെയും കെ.സി. വേണുഗോപാൽ വിമർശിച്ചു. ഇതുവരെ എയിംസ് അനുവദിച്ച വിവിധ സ്ഥലങ്ങളിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ ഉന്നയിക്കുന്ന തടസ്സവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയിൽ കേരളമെന്ന സംസ്ഥാനം ഇല്ല. കേരളത്തിലെ ബിജെപി ഘടകം പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം പരിഹസിച്ചു.

2015ൽ താൻ ഉന്നയിച്ച ചോദ്യത്തിന്, തൊട്ടടുത്ത വർഷം കേരളത്തിന് എയിംസ് അനുവദിക്കുമെന്നാണ് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നൽകിയത്. ഇത്രയും വർഷം കഴിഞ്ഞിട്ടും ആ വാഗ്ദാനം പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അടുത്ത രണ്ടുവർഷത്തിനുള്ളിലും ബിജെപി സർക്കാർ കേരളത്തിന് എയിംസ് അനുവദിച്ചില്ലെങ്കിൽ, ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമ്പോൾ കേരളത്തിന് എയിംസ് ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയും കെ.സി. വേണുഗോപാൽ പങ്കുവെച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവിനെക്കുറിച്ചുള്ള ചോദ്യത്തിനും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. നിയമവും കോടതി ഉത്തരവും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിൽ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് കൃത്യമായ ജാഗ്രതയോടെയാണ് ഇടപെടലുകൾ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലെറ്റർപാഡിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉൾപ്പെട്ട വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടി.