താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ട പോയ കേസ് : ഒരാൾകൂടി പിടിയിൽ
താമരശ്ശേരി: പറമ്പിൽ ബസാർ ചെറുവറ്റ സ്വദേശി ഹർഷദിനെ അടിവാരത്തുനിന്ന് തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾകൂടി പൊലീസ് പിടിയിൽ.
അമ്പായത്തോട് പ്രവർത്തിക്കുന്ന സ്വകാര്യ അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ മിനി കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ താമരശ്ശേരി അമ്പായത്തോട് പൊട്ടൻ പുഴക്കൽ മനു എന്ന കാട്ടാച്ചി മനുവാണ് (34) പിടിയിലായത്. ഹർഷദിന്റെ കാർ തടഞ്ഞു നിർത്താൻ ഉപയോഗിച്ചത് മനു ഓടിച്ച കണ്ടെയ്നർ ലോറി ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റു സംഭവങ്ങളിൽ 8 കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി പി. പ്രമോദ് പറഞ്ഞു. ഇതോടെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
താമരശ്ശേരി കാരാടി സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കത്തെതുടർന്നാണ് ഇക്കഴിഞ്ഞ 12ന് ക്വട്ടേഷൻ സംഘം ഈങ്ങാപ്പുഴ പൂലോടുള്ള ഭാര്യാ വീട്ടിലെത്തിയ ഹർഷദിനെ ഫോണിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പൊലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ സംഘം അടുത്ത ദിവസം ഹർഷദിനെ വയനാട് വൈത്തിരി റോഡരികിൽ ഇറക്കിവിടുകയായിരുന്നു.