'തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്, മരിക്കുവോളം പാർട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ല' : ജി സുധാകരനെതിരെ എം എം മണി
സിപിഐഎം വിട്ട ജി സുധാകരൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി എം എം മണി. മരിക്കുവോളം പാർട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി പറഞ്ഞു.
ഇടുക്കി: സിപിഐഎം വിട്ട ജി സുധാകരൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി എം എം മണി. മരിക്കുവോളം പാർട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി പറഞ്ഞു. തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നതെന്നും പാർട്ടിക്കെതിരെ റിബലായി മത്സരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് സംഭവിച്ചാലും എം എം മണി അത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരൻ നല്ല പ്രവർത്തകനും നേതാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ആകെ ഷുഗർ മാത്രമാണുളളതെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോഴും യുവാവിന്റെ മനസാണ്. അടിച്ചാൽ തിരിച്ചടിക്കും. അടി കിട്ടിയിട്ട് പ്രതിഷേധിച്ചിട്ട് മാത്രം കാര്യമില്ല. ഒന്നും ഇല്ലെങ്കിലും കടിച്ചെങ്കിലും പറിക്കണം. വിവാദങ്ങളിൽ നിന്നാണ് ഇന്നത്തെ എംഎം മണി ഉയർന്നുവന്നത്. കേസ് വന്നാൽ നേരിടും. പോടാ പുല്ലെ എന്ന് പറയും': എം എം മണി പറഞ്ഞു.
അഞ്ചുവർഷം കഴിയുമ്പോൾ തനിക്ക് 87 വയസാകുമെന്നും അന്ന് പാർട്ടി പറഞ്ഞാൽ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എം എം മണി പറഞ്ഞു. സഖാക്കളെ തല്ലിയാൽ തിരിച്ചു തല്ലിക്കുമെന്നും ഇന്നുവരെ അങ്ങനെ ചെയ്തിട്ടുണ്ട്, നാളെയും അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സിനിമയിലെ കഥാപാത്രമാക്കുന്നതിനോട് എതിർപ്പില്ലെന്നും സിനിമ ഇഷ്ടമാണെന്നും എം എം മണി കൂട്ടിച്ചേർത്തു.