എം.എം. ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം ; ഹൈക്കോടതി
അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹൈകോടതി നിർദേശം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ചോദ്യം ചെയ്ത് മകൾ ആശ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നിർദേശം. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
കൊച്ചി : അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹൈകോടതി നിർദേശം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ചോദ്യം ചെയ്ത് മകൾ ആശ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നിർദേശം. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
ലോറൻസിന്‍റെ മൂന്ന് മക്കളിൽ ഒരാളായ ആശ പിതാവിന്റെ മൃതദേഹം പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് മറ്റ് രണ്ട് മക്കൾ സത്യവാങ്മൂലവും നൽകിയിരുന്നു. ഈ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.
മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നാണ് ഹരജിയിലെ ആക്ഷേപം. തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ലോറന്‍സ് ഹരജിയിലൂടെ ആവശ്യപ്പെട്ടു. തുടർന്നാണ് മൃതദേഹം മോർച്ചറയിൽ സൂക്ഷിക്കുന്നത് തുടരാൻ ഹൈകോടതി നിർദേശം നൽകിയത്. സെപ്റ്റംബർ 21നായിരുന്നു എം.എം. ലോറൻസ് അന്തരിച്ചത്.